ബഡ്ജറ്റ്: ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പ
ന്യൂഡല്‍ഹി: ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് ഇടക്കാല ബജറ്റില്‍ പ്രത്യേക ഊന്നല്‍. ഐക്കണിക് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം, ആഗോള തലത്തിലെ ബ്രാന്‍ഡിംഗ്, വിപണനം എന്നിവ ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇടക്കാല ബഡ്ജറ്റ് ലക്‌ഷ്യം വയ്ക്കുന്നുവെന്ന് ധനകാര്യമന്ത്രി പറഞ്ഞു. ഇത്തരം വികസനത്തിന് ധനസഹായം നല്‍കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി, സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം അടിസ്ഥാനമാക്കി കേന്ദ്രങ്ങളുടെ റേറ്റിങ്ങിനുള്ള ചട്ടക്കൂട് സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗവും ഇപ്പോള്‍ യാത്ര ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ആഗ്രഹിക്കുന്നു എന്ന വസ്തുത ഉയര്‍ത്തിക്കാട്ടിയ കേന്ദ്ര ധനമന്ത്രി ആത്മീയ വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള ടൂറിസത്തിന് പ്രാദേശിക സംരംഭകത്വത്തിന് വലിയ അവസരങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടി. ഇതിന്റെ തുടര്‍ച്ചയായി, ആഭ്യന്തര ടൂറിസത്തിന് ഉയര്‍ന്നുവരുന്ന ആവേശത്തെ അഭിസംബോധന ചെയ്യുന്നതിനായി തുറമുഖ ബന്ധിപ്പിക്കല്‍, വിനോദസൗകര്യ അടിസ്ഥാനസൗകര്യങ്ങള്‍, ഏറ്റെടുക്കേണ്ട മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള ദ്വീപുകളില്‍ പദ്ധതികള്‍ ഏറ്റെടുക്കുമെന്നും ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.