എടയ്ക്കല്‍ ഗുഹ ടൂറിസം കേന്ദ്രത്തിന്‍റെ വികസനത്തിന് 2.9 കോടി രൂപ
ഗുഹയിലേക്കുള്ള വഴിയില്‍ ടൈലുകള്‍ പതിക്കല്‍, പ്ലാറ്റ് ഫോം നവീകരണം, കൈപ്പിടികള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍, കവാടം, പുല്‍മൈതാനം, അലങ്കാര വിളക്കുകള്‍, മാലിന്യക്കൂടകള്‍, റോഡ് കോണ്‍ക്രീറ്റ്, സിസിടിവി എന്നിവയാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം തുടങ്ങി പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ടൂറിസം ഡയറക്ടറുടെ ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ടൂറിസം വകുപ്പ് സമഗ്രമായ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേടിയ വര്‍ഷമാണിത്. ഇതില്‍ വലിയൊരു പങ്ക് യാത്ര ചെയ്യുന്നത് വയനാട് ജില്ലയിലേക്കാണ്. രാജ്യത്തെ തന്നെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നും വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രവുമാണ് എടയ്ക്കല്‍ ഗുഹകള്‍. ഇവിടുത്തെ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് മികച്ച സന്ദര്‍ശന അനുഭവം നല്‍കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ദിവസം 1920 പേര്‍ക്ക് മാത്രമാണ് എടയ്ക്കല്‍ ഗുഹയില്‍ പ്രവേശനമനുവദിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 25ഉം കുട്ടികള്‍ക്ക് 30 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ചകളിലും ദേശീയ അവധികളിലും പ്രവേശനമുണ്ടായിരിക്കുന്നതല്ല.