എത്നിക് വില്ലേജ്’ പദ്ധതിയുമായി കേരള ടൂറിസം
തിരുവനന്തപുരം: കേരളത്തിന്‍റെ ഗോത്ര സംസ്കാര വൈവിധ്യത്തേയും പൈതൃകത്തേയും ആഗോള തലത്തില്‍ പരിചയപ്പെടുത്തുന്ന പദ്ധതിയുമായി കേരള വിനോദസഞ്ചാര വകുപ്പ്. ‘എത്നിക് വില്ലേജ്’ എന്ന പേരില്‍ ഉത്തരവാദിത്ത ടൂറിസം മിഷനും (ആര്‍ടി മിഷന്‍) ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ തനത് ജീവിതശൈലി, കലാരൂപങ്ങള്‍, കരകൗശല നിര്‍മ്മാണം, ഭക്ഷണ വൈവിധ്യം തുടങ്ങിയവ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്ന ഗോത്ര ഗ്രാമം നിര്‍മ്മിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗോത്രവിഭാഗക്കാരുടെ തനത് വാസസ്ഥലങ്ങളെയോ ആവാസവ്യവസ്ഥയെയോ ദൈനംദിന പ്രവര്‍ത്തനങ്ങളെയോ പദ്ധതി ബാധിക്കില്ല. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഇടുക്കി ഡിടിപിസി യുടെ രണ്ട് ഏക്കര്‍ ഭൂമിയെ എത്നിക് വില്ലേജാക്കി മാറ്റും. കേരളത്തിലെ വിവിധ ഗോത്രവര്‍ഗ സമൂഹങ്ങളുടെ തനത് കലയും സംസ്കാരവും ഒരുമിച്ച് ഒരേ സ്ഥലത്ത് വിനോദ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ ഇതിലൂടെ സാധിക്കും.
കേരളത്തിലെ ഗോത്രസമൂഹ സംസ്കാരവും ജീവിതശൈലിയും വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പദ്ധതിയാണ് എത്നിക് വില്ലേജെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്‍റെ മികവുറ്റ എല്ലാ പ്രത്യേകതകളേയും ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ഗോത്ര സംസ്കാരം അനുഭവിച്ചറിയാന്‍ വിനോദ സഞ്ചാരികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 1,27,60,346 രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
ടൂറിസം ആക്ടിവിറ്റി സോണ്‍, അക്കോമഡേഷന്‍ സോണ്‍ എന്നിങ്ങനെ രണ്ടു വിഭാഗമായാണ് എത്നിക് വില്ലേജ് വിഭാവനം ചെയ്തിരിക്കുന്നത്. ഗോത്ര വിഭാഗക്കാരുടെ വീടുകളുടെ മാതൃകയിലുള്ളതും ആധുനിക സൗകര്യങ്ങളോട് കൂടിയതുമായ താമസ സൗകര്യം എത്നിക് വില്ലേജുകളുടെ പ്രത്യേകതയാണ്.