ഇന്‍ഡെല്‍ മണിക്ക് വിദേശ നാണയ വിനിമയ ലൈസന്‍സ്
കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് റിസര്‍വ് ബാങ്കിന്റെ വിദേശ നാണയ വിനിമയ ലൈസന്‍സ് ലഭിച്ചു. അംഗീകൃത ഡീലര്‍ക്കുള്ള കാറ്റഗറി -2 അനുമതിയാണ് കമ്പനി കരസ്ഥമാക്കിയത്. ഇതനുസരിച്ച് ഇന്‍ഡല്‍ മണിയിലൂടെ വിദേശ നാണയ വിനിമയത്തിനു പുറമേ ട്രാവല്‍ മണി കാര്‍ഡുകള്‍ ഉപയോഗിക്കാനും, വിദേശ രാജ്യങ്ങളിലേക്കു പണം അയക്കാനും സാധിക്കും. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരുള്‍പ്പടെയുള്ളവര്‍ക്കും ടൂറിസ്റ്റുകള്‍ക്കും അനായാസം വിദേശ നാണയ വിനിമയ സൗകര്യം നല്‍കുന്നതിനുള്ള ലൈസന്‍സ് രാജ്യത്ത് കറന്‍സി വിനിമയത്തിനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) സെക്ഷന്‍ 10 (1) പ്രകാരം ആര്‍ ബിഐ നല്‍കുന്ന അനുമതി പ്രകാരം വ്യാപാരേതര കറണ്ട് അക്കൗണ്ട് ഇടപാടുകളും വിദേശ നാണയ വിനിമയ എക്‌സ്‌ചേഞ്ച് സേവനങ്ങളും റിസര്‍വ് ബാങ്ക് അംഗീകരിക്കുന്ന ഇതര വിനിമയങ്ങളും നടത്തുന്നതിന് കമ്പനിക്ക് അധികാരമുണ്ടായിരിക്കും. അംഗീകൃത ഡീലര്‍ കാറ്റഗറി-2 ലൈസന്‍സ് ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ എന്‍ബിഎഫ്‌സി എന്നത് കമ്പനിയുടെ പുരോഗതിയില്‍ ഒരു പ്രധാന വഴിത്തിരിവാണെന്ന് ഇന്‍ഡെല്‍മണിയുടെ ഇഡിയും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. സാധാരണ മണി എക്‌സ്‌ചേഞ്ച് ലൈസന്‍സിനേക്കാള്‍ ഉയര്‍ന്നതാണ് എഡി കാറ്റഗറി -2 ലൈസന്‍സ്. ഇതര രാജ്യങ്ങളിലെ വ്യാപേരേതര അക്കൗണ്ടുകളിലേക്കു പണം കൈമാറാനും വിവിധ കറന്‍സി സേവനം ലഭിക്കുന്ന ട്രാവല്‍ കാര്‍ഡുകളും വിദേശ നാണയ ബാങ്ക് നോട്ടുകളും ഉപയോഗിക്കാനും ഇതിലൂടെ കഴിയും.