Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക് പ്രതിഭകളെ കണ്ടെത്തുന്നതിനായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘ടോപ്പ് 100 സീരീസ്’ സംഘടിപ്പിക്കുന്നു

1 min read

തിരുവനന്തപുരം: ആഗോളതലത്തില്‍ മികച്ച ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രാപ്തരായ പ്രോഗ്രാമര്‍മാരെയും ഡിസൈനര്‍മാരെയും കണ്ടെത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ‘ടോപ്പ് 100 സീരീസ്’ സംഘടിപ്പിക്കുന്നു. പ്രോഗ്രാമിങ്, ഉല്‍പന്നങ്ങളുടെ രൂപകല്‍പന, നിര്‍മ്മാണം എന്നീ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി അവരുടെ വൈദഗ്ധ്യം ഉപയോഗിച്ച് കേരളത്തിന്‍റെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇങ്ങനെ കണ്ടെത്തുന്ന പ്രതിഭകളെ സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ബില്‍ഡ് ഇറ്റ് ബിഗ് പദ്ധതിയുടെ ഭാഗമാക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്നോളജി കമ്പനികളുടെ പൊതുവേദിയായ ജിടെക്കിന്‍റെ ടാലന്‍റ് ബില്‍ഡിംഗ് പ്ലാറ്റ് ഫോമായ മ്യൂലേണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച നൂറ് കോഡര്‍മാരെ കണ്ടെത്തലാണ് ആദ്യഘട്ടം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നവംബറില്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിന്‍റെ ഭാഗമായാണ് നാല്പത്തഞ്ച് ദിവസത്തെ കോഡിങ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ആഗോള വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന സാങ്കേതിക ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള 100 കോഡര്‍മാരെ കോവളത്തിനടുത്തുള്ള ചൊവ്വരയിലെ സോമതീരം ബീച്ചില്‍ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ പരിപാടിയില്‍ ആദരിക്കും. പ്രോഗ്രാമിങ്, രൂപകല്‍പന, നിര്‍മ്മാണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരിപാടിയിലൂടെ ലോകോത്തര വിപണിയില്‍ നൂതന സാങ്കേതിക ഉല്‍പന്നങ്ങള്‍ നല്കാന്‍ പ്രാപ്തരായ കേരളത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ കണ്ടെത്തി അവരെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

  തൊഴില്‍ വൈദഗ്ധ്യമുള്ളവരെ തേടി ജര്‍മ്മനി; ഗോഥെ-സെന്‍ട്രം കേന്ദ്രങ്ങളില്‍ സൗജന്യ സെഷനുകള്‍

ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ചലഞ്ചിന്‍റെ ആദ്യ ഘട്ടത്തില്‍ പതിനായിരം മുതല്‍ ഇരുപതിനായിരം പേര്‍ വരെ പങ്കെടുക്കും. രണ്ടാം ഘട്ടത്തില്‍ 250 പേരെ ഷോര്‍ട്ട് ലിസ്റ്റ്ചെയ്യും. അന്തിമ ഘട്ടത്തിലേക്ക് എത്തുന്ന 150 പേരില്‍ നിന്നാണ് അവസാനത്തെ നൂറുപേരെ തിരഞ്ഞെടുക്കുക. ഒരുവര്‍ഷത്തിലധികമുള്ള തുടര്‍ നടപടിക്രമങ്ങള്‍ ഇതിന്‍റെ ഭാഗമായുണ്ടാകും. ടെക്നോളജി സംബന്ധിയായ വെല്ലുവിളികള്‍ക്ക് കൃത്യമായ സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്ന് അനൂപ് അംബിക പറഞ്ഞു. അത് പരിഹരിക്കാന്‍ കേരളത്തിലെ മികച്ച ടെക് കോ ഫൗണ്ടേഴ്സിനെ കണ്ടെത്തേണ്ടതുണ്ട്. ആഗോളവിപണിയില്‍ നേട്ടമുണ്ടാക്കുന്ന സാങ്കേതിക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള വിദഗ്ധരുടെ ഒരു ടാലന്‍റ് പൂള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ഇതിലൂടെ അവസരം ലഭിക്കും. ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ സഹസ്ഥാപകരാകാനുള്ള അവസരവും ലഭിക്കും. സാങ്കേതിക പരിഹാരങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഏറ്റവും വിദഗ്ധരായ പ്രതിഭകളെ കണ്ടെത്തി ഒരുമിച്ച് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കല്യാൺ ജൂവലേഴ്സിന് സാമ്പത്തിക വർഷത്തിൽ 18,548 കോടി രൂപ വിറ്റുവരവ്

സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും പ്രായഭേദമന്യേ മത്സരത്തില്‍ പങ്കെടുക്കാമെന്ന് ജിടെക്ക് ടെക്നോളജി ആന്‍ഡ് അക്കാഡെമിയ ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ ദീപു എസ്. നാഥ് പറഞ്ഞു. വിവിധ മേഖലകളിലെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളില്‍ അവരവരുടെ അറിവ് മെച്ചപ്പെടുത്താനും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള വിപണി ലക്ഷ്യമാക്കി സാങ്കേതിക ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്വലമായ ഒരു സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക പരിഹാരങ്ങള്‍ നല്‍കാന്‍ സാധ്യതയുള്ള പ്രതിഭകളെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായം എന്നിവയുമായി ബന്ധിപ്പിക്കുന്നത് അവരെ ഏറ്റവും പ്രധാനപ്പെട്ട റിസോഴ്സ് ആര്‍മിയാക്കി മാറ്റാന്‍ സഹായിക്കുമെന്നും കെഎസ് യുഎം ബിസിനസ് ഡെവലപ്മെന്‍റ് വിഭാഗം മേധാവി അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ പറഞ്ഞു.

  എംഎസ് ധോണിയെ നായകനായി മഹീന്ദ്രയുടെ പുതിയ കാമ്പയിന്‍

രാജ്യത്തെ 20ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ ഓഹരി ഉടമകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ബിസിനസ്, ഫണ്ടിംഗ് അവസരങ്ങള്‍ക്ക് അവരുമായി ബന്ധപ്പെടാനും അഞ്ചാം പതിപ്പില്‍ അവസരമൊരുക്കും. കോണ്‍ക്ലേവില്‍ മുഖ്യ സെഷനുകള്‍ക്ക് പുറമെ നേതൃത്വ ചര്‍ച്ചകള്‍, സാങ്കേതിക ചര്‍ച്ചകള്‍, അന്താരാഷ്ട്ര എംബസികളുമായുള്ള പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവയും ഉണ്ടാകും. ആഗോള പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അനുഭവങ്ങള്‍ ഹഡില്‍ ഗ്ലോബലില്‍ പങ്കുവെയ്ക്കും. സംരംഭങ്ങള്‍ക്കുള്ള ആശയ രൂപകല്പന, ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങിയവയില്‍ യുവസംരംഭകര്‍ക്ക് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശം നല്കും. നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വിശദാംശങ്ങള്‍ക്കും രജിസ്ട്രേഷനും സന്ദര്‍ശിക്കുക: https://huddleglobal.co.in/.

Maintained By : Studio3