കേരളത്തിന് ലഭിച്ചത് മൂന്ന് ലക്ഷത്തിലധികം കോടി രൂപയുടെ കേന്ദ്ര പദ്ധതികൾ
തിരുവനന്തപുരം: കേരളത്തിന് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പറഞ്ഞു. ‘ഗ്രാമോത്സവം’ – സംയോജിത ബോധവൽക്കരണ പരിപാടി തിരുവനന്തപുരം ആറ്റിങ്ങലില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ധനകാര്യ കമ്മീഷൻ നൽകുന്ന ശുപാർശയുടെയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്കുള്ള വിഹിതം തീരുമാനിക്കുന്നത്. കേരളത്തിന് അർഹമായ വിഹിതത്തിൽ ഏതെങ്കിലും തരത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിൽ അത് തീർച്ചയായും പരിഹരിക്കപ്പെടുമെന്ന് വി മുരളീധരൻ പറഞ്ഞു. കഴിഞ്ഞ 9 വർഷങ്ങളിൽ മൂന്ന് ലക്ഷത്തിലധികം കോടി രൂപയുടെ പദ്ധതികൾ കേരളത്തിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിൽ മികച്ച രീതിയിൽ എത്തിക്കുന്നതിൽ ഗ്രാമോത്സവം പോലുള്ള സംയോജിത ബോധവത്കരണ പരിപാടികൾക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ച് അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് കേന്ദ്ര ഗവണ്മെന്റിന്റെ നയം. സംസ്ഥാനത്തെ നടപടിക്രമങ്ങളാൽ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നു എന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.