അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
1 min read
ന്യൂ ഡൽഹി:
അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തിയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് യാത്രയ്ക്ക് 5 മണിക്കൂർ 30 മിനിറ്റാകും എടുക്കുക. പുതുതായി വൈദ്യുതീകരിച്ച 182 കിലോമീറ്റർ പാത പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. അസമിലെ ലുംഡിങ്ങിൽ പുതുതായി നിർമിച്ച ഡെമു/മെമു ഷെഡും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
മൂന്ന് വികസനപ്രവർത്തനങ്ങൾ ഒരുമിച്ച് പൂർത്തീകരിക്കുന്നതിനാൽ വടക്കുകിഴക്കൻ മേഖലയുടെ സമ്പർക്കസംവിധാനങ്ങൾക്ക് ഇന്നു മഹത്തായ ദിനമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഒന്നാമതായി, വടക്കുകിഴക്കൻ മേഖലയ്ക്കുള്ള ആദ്യ വന്ദേഭാരത് എക്സ്‌പ്രസ്. പശ്ചിമ ബംഗാളിനെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് എക്സ്‌പ്രസാണിത്. രണ്ടാമതായി, അസമിലെയും മേഘാലയയിലെയും ഏകദേശം 425 കിലോമീറ്റർ റെയിൽവേ പാത വൈദ്യുതവൽക്കരിച്ചു. മൂന്നാമതായി, അസമിലെ ലുംഡിങ്ങിൽ പുതിയ ഡെമു/മെമു ഷെഡ് ഉദ്ഘാടനം ചെയ്തു. ഈ സുപ്രധാന വേളയിൽ അസം, മേഘാലയ, പശ്ചിമ ബംഗാൾ എന്നിവയ്ക്കൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഴുവൻ പൗരന്മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഗുവാഹത്തി-ന്യു ജൽപായ്ഗുരി വന്ദേ ഭാരത് ട്രെയിൻ അസമും പശ്ചിമ ബംഗാളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിനു കരുത്തേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് യാത്ര സുഗമമാക്കുകയും വിദ്യാർഥികൾക്ക് വലിയ നേട്ടങ്ങൾ നൽകുകയും വിനോദസഞ്ചാരം, വ്യവസായം എന്നിവയിൽ നിന്നുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഈ വന്ദേ ഭാരത് മാതാ കാമാഖ്യ ക്ഷേത്രം, കാസിരംഗ, മാനസ് ദേശീയോദ്യാനം, പോബിതോറ വന്യജീവി സങ്കേതം എന്നിവയിലേക്കുള്ള സമ്പർക്കസൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷില്ലോങ്, മേഘാലയയിലെ ചിറാപുഞ്ചി, അരുണാചൽ പ്രദേശിലെ തവാങ്, പാസിഘട്ട് എന്നിവിടങ്ങളിലെ യാത്രയും വിനോദസഞ്ചാരസാധ്യതകളും മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.