ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി
ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ.
ചൊവ്വാഴ്ച വൈകുന്നേരം ഫ്രഞ്ച് പ്രസിഡന്‍റിനെ പ്രതിനിധീകരിച്ച് ഫ്രാൻസിന്‍റെ യൂറോപ്പ്, വിദേശകാര്യ മന്ത്രി കാതറിൻ കൊളോന എൻ ചന്ദ്രശേഖരന് അവാർഡ് നൽകി.
“ഞങ്ങളുടെ ചെയർമാൻ എൻ ചന്ദ്രശേഖരൻ ഫ്രാൻസിന്‍റെ യൂറോപ്പ്, വിദേശകാര്യ മന്ത്രിയിൽ നിന്ന് ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ സ്വീകരിക്കുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകൾക്കാണ് ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ അവാർഡ് അദ്ദേഹത്തിന് ലഭിച്ചത്.” ടാറ്റ ഗ്രൂപ്പ് ഒരു ട്വീറ്റിൽ പറഞ്ഞു.
ഫ്രാങ്കോ-ഇന്ത്യൻ പങ്കാളിത്തത്തിൽ ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അവാർഡ് സമ്മാനിച്ചതിന് ശേഷം, കാതറിൻ കൊളോന ഒരു ട്വീറ്റിൽ പറഞ്ഞു. റിപ്പബ്ലിക് പ്രസിഡന്‍റിന് വേണ്ടി, എൻ ചന്ദ്രശേഖരന് ഷെവലിയർ ഡി ലാ ലീജിയൻ ഡി ഹോണറിന്‍റെ മുദ്രകള്‍ സമ്മാനിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട്. പ്രിയപ്പെട്ട നടരാജൻ ചന്ദ്രശേഖരൻ ഫ്രാൻസിന്‍റെ സുഹൃത്താണെന്നും അവർ പറഞ്ഞു.
പ്രിയപ്പെട്ട നടരാജന്‍ ചന്ദ്രശേഖരന്‍, താങ്കള്‍ ഫ്രാൻസിന്‍റെ യഥാർത്ഥ സുഹൃത്താണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ വർഷം ആദ്യം, ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, 210 എ320 നിയോ വിമാനങ്ങളും 40 എ350 വിമാനങ്ങളും ഉൾപ്പെടെ 250 വിമാനങ്ങൾ വാങ്ങാൻ എയർബസുമായി കോടിക്കണക്കിന് ഡോളറിന്‍റെ കരാറിൽ ഒപ്പുവച്ചിരുന്നു.