November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാഷ്ട്രപതി പത്മശ്രീ പുരസ്കാരം സമ്മാനിച്ചു

1 min read

ന്യൂഡൽഹി :  ഇന്നു നടന്ന പൗരപുരസ്കാരദാനച്ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദ‌ി മുർമു കേരളത്തിൽ നിന്നുള്ള ശ്രീ രാമൻ ചെറുവയൽ (കാർഷിക മേഖല), ശ്രീ വി പി അപ്പുക്കുട്ടൻ പൊതുവാൾ (സാമൂഹ്യ പ്രവർത്തന മേഖല), ശ്രീ എസ് ആർ ഡി പ്രസാദ് (കായികരംഗം) എന്നിവർക്കു പത്മശ്രീ നൽകി ആദരിച്ചു.

കാർഷിക മേഖലയിലാണ് ശ്രീ രാമൻ ചെറുവയലിന് പത്മശ്രീ ലഭിച്ചത്.
സുസ്ഥിര കൃഷിക്കും ജൈവ വൈവിധ്യ സംരക്ഷണത്തിനും നൽകിയ സംഭാവനകൾക്കു പേരുകേട്ട കേരളത്തിൽനിന്നുള്ള ഗിരിവർഗ കർഷകനാണു ശ്രീ രാമൻ ചെറുവയൽ.
1952 ജൂൺ 6നു വയനാടുജില്ലയിലെ മാനന്തവാടിയിൽ ജനിച്ച അദ്ദേഹം പട്ടികവർഗ സമുദായത്തിലെ കുറിച്യഗോത്രത്തിൽപെട്ടയാളാണ്. 10-ാം വയസുമുതൽ അദ്ദേഹം കൃഷിയിൽ വ്യാപൃതനായി. ജൈവകൃഷി, പ്രകൃതിവിഭവപരിപാലനം, പരമ്പരാഗത ഭക്ഷ്യവിളകളുടെ സംരക്ഷണം എന്നിവയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രകൃതിസ്നേഹികൾക്കും ഭൗമഗവേഷകർക്കുമിടയിൽ അദ്ദേഹത്തെ സവിശേഷവ്യക്തിത്വമാക്കി മാറ്റി.
ശ്രീ ചെറുവയലിന്റെ കൈയിൽ, കേരളത്തിന്റെ തനതായ 52 ഇനം നെൽവിത്തുകളുടെയും വിവിധയിനം വാഴത്തൈകളുടെയും ശേഖരമുണ്ട്. കേരള കാർഷിക സർവകലാശാലയിൽ നെല്ല് ഇനങ്ങളുടെ വികസനത്തിനായി ‘പാൽത്തൊണ്ടി’, ‘കയമ’ എന്നീ രണ്ടിനം നെല്ലുകൾ ജീൻദാതാവായി  ഉപയോഗിച്ചിട്ടുണ്ട്. കുരുമുളകിനങ്ങളിലൊന്നായ ‘ഉതിരൻകോട്ട’ കേരളത്തിൽ ഏറ്റവും വ്യാപകമായി നട്ടുപിടിപ്പിച്ച കുരുമുളകിനമായ പന്നിയൂർ-1ന്റെ വികസനത്തിനു സംഭാവനയേകിയിട്ടുണ്ട്.
2018-ൽ ബ്രസീലിൽ നടന്ന ബെലേം 30 അന്താരാഷ്ട്ര പ്രകൃതി സമ്മേളനത്തിൽ ക്ഷണിതാവായിരുന്നു ശ്രീ ചെറുവയൽ. 2015-ൽ ദേശീയ നെല്ലുഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നെല്ലിന്റെ പുതിയ ഇനങ്ങളും സാങ്കേതികവിദ്യയും സ്വീകരിക്കുന്നതിനും ജനകീയമാക്കുന്നതിനും അദ്ദേഹം മികച്ച സംഭാവന നൽകിയതായി സാക്ഷ്യപ്പെടുത്തി. ഇതിനുപുറമെ, രാജ്യത്തുടനീളമുള്ള വിവിധ സംഘടനകളും സ്ഥാപനങ്ങളും കാർഷിക, ജൈവകൃഷി അവതരണങ്ങൾക്കായി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.
ശ്രീ ചെറുവയലിനു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012-ൽ ഇന്ത്യാഗവൺമെന്റും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും (ഹരിത വ്യക്തിത്വം) സസ്യ ജനിതകഘടന സംരക്ഷൻ (കർഷക അംഗീകാരങ്ങൾ 2013) ബഹുമതി നൽകി ആദരിച്ചു. 2018-ൽ അജ്മാൻ അൽ തല്ലയിലെ ഹാബിറ്റാറ്റ് സ്കൂൾ സംഘടിപ്പിച്ച കാർഷിക മേളയിൽ അദ്ദേഹത്തിനു പുരസ്കാരം ലഭിച്ചു. തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ  സാക്ഷ്യപത്രത്തിന് അർഹനായ അദ്ദേഹം 2019ലെ കേരള സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിലും പങ്കെടുത്തു.
അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ ലഭിച്ചത് സാമൂഹ്യ പ്രവർത്തന മേഖലയിൽ.
ഖാദി-ഗ്രാമവ്യവസായങ്ങളുടെ പ്രചാരണത്തിലൂടെയും പ്രോത്സാഹനത്തിലൂടെയും സ്വയംപര്യാപ്തത്തിനായുള്ള ഗാന്ധിയൻ പ്രസ്ഥാനത്തിനു തുടക്കംകുറിച്ച വ്യക്തിയാണ് ശ്രീ വി പി അപ്പുക്കുട്ടൻ പൊതുവാൾ. സ്വാതന്ത്ര്യസമരത്തിലും, തൊട്ടുകൂടായ്മയ്ക്കും സാമൂഹ്യവിവേചനത്തിനുമെതിരായ മുന്നേറ്റങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.
1923 ഒക്ടോബർ 9-ന് ജനിച്ച ശ്രീ പൊതുവാളിന്റെ സ്കൂൾ വിദ്യാഭ്യാസം അന്നു മദ്രാസ് പ്രവിശ്യയിലായിരുന്ന മലബാർ ജില്ലയിലെ പയ്യന്നൂരിലുള്ള ബോർഡ് ഹൈസ്കൂളിലായിരുന്നു. 1942-ൽ എസ്എസ്എൽസി പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മൈസൂർ സർവകലാശാലയിൽനിന്നു രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. സ്കൂൾ പഠനകാലത്ത് മഹാത്മാഗാന്ധിയെ കണ്ടുമുട്ടാൻ ഭാഗ്യം ലഭിച്ച ശ്രീ പൊതുവാൾ, അദ്ദേഹത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരത്തിലേക്ക് എത്തപ്പെടുകയും പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. പ്രസ്ഥാനത്തിലെ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ദാരിദ്ര്യനിർമാർജനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും സ്വയംതൊഴിൽ ചെയ്യുന്നതിനും ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യക്കാരുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമുള്ള മാർഗമായി ഖാദി പ്രചാരണത്തെ അദ്ദേഹം കണക്കാക്കി. അതിനായി സ്വയം സമർപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വയംപര്യാപ്തതയും ശാക്തീകരണവും ആ കാലഘട്ടത്തിൽ ഖാദി പ്രസ്ഥാനത്തിൽ വിഭാവനം ചെയ്യപ്പെട്ടിരുന്നു. അദ്ദേഹം അതിൽ ഉറച്ചുവിശ്വസിക്കുകയും ചെയ്തിരുന്നു.
ശ്രീ പൊതുവാൾ 1944-ൽ അഖില ഭാരത ചർക്ക സംഘത്തിൽ ചേർന്നു. അതു പിന്നീട് ഖാദി – ഗ്രാമ വ്യവസായ കമ്മീഷനിൽ ലയിച്ചു. ഖാദി പ്രസ്ഥാനത്തിന്റെയും ഗാന്ധിയൻ തത്വചിന്തയുടെയും പ്രചാരണത്തിനായി ലഖ്നൗ, മദ്രാസ്, ബോംബെ, തിരുവനന്തപുരം എന്നിവിടങ്ങൾ കേന്ദ്രമാക്കി 40 വർഷത്തോളം അദ്ദേഹം രാജ്യത്തങ്ങോളമിങ്ങോളം സഞ്ചരിച്ചു. മധ്യപ്രദേശിൽ ചമ്പൽകൊള്ളക്കാരുടെ വിഹാരകേന്ദ്രങ്ങളിലും ജനങ്ങളുമായി അദ്ദേഹം സമ്പർക്കം പുലർത്തുകയും ആശയവിനിമയം നടത്തുകയും ചെയ്തു. ഭൂദാനപ്രസ്ഥാനത്തിന്റെ സമയത്ത്, ആ പ്രദേശത്തെ അത്തരത്തിലുള്ള നിരവധി കൊള്ളക്കാർ വിനോബാജിയുടെ മുന്നിൽ കീഴടങ്ങിയിരുന്നു. ഭൂദാനപ്രസ്ഥാനത്തിലും ശ്രീ പൊതുവാൾ സജീവമായി പങ്കെടുത്തു.
1989-ൽ ശ്രീ പൊതുവാൾ പയ്യന്നൂരിൽ സംസ്കൃത പഠനത്തിനായി ഭാരതീയ സംസ്കൃത മഹാവിദ്യാലയം സ്ഥാപിച്ചു. പതിനഞ്ച് വർഷത്തോളം അതിനു നേതൃത്വം നൽകി വിദ്യാർഥികളെ പരിശീലിപ്പിച്ചു. ഈ സ്ഥാപനം ന്യൂഡൽഹിയിലെ രാഷ്ട്രീയ സംസ്കൃത സൻസ്ഥാനുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ പൊതുവായ വിമോചനത്തിനായി പ്രവർത്തിക്കുന്ന മറ്റു പലർക്കുമൊപ്പം സർവോദയ മണ്ഡലം, ചിന്മയ മിഷൻ, ആനന്ദ തീർഥാശ്രമം തുടങ്ങിയവയുമായും അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു.
ഗാന്ധിയൻ പഠനങ്ങൾ, ആത്മീയത, ഭഗവദ് ഗീത തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ ശ്രീ പൊതുവാളിന്റെ സംഭാവനയാണ്. മലയാളത്തിൽ “ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിലെ ആത്മീയത”, “ഭഗവദ് ഗീത – ആത്മപ്രദർശനത്തിന്റെ ശാസ്ത്രം” എന്നീ രണ്ടു പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എസ് ആർ ഡി പ്രസാദിനു പത്മശ്രീ ലഭിച്ചത് കായികമേഖലയിൽ
പ്രസാദ് ഗുരുക്കൾ എന്നറിയപ്പെടുന്ന പ്രമുഖ കളരിപ്പയറ്റു വിദഗ്ധനായ ശ്രീ എസ് ആർ ഡി പ്രസാദ്, കേരളത്തിലെ ആയോധനകലയായ കളരിപ്പയറ്റിന്റെ ചുരുക്കം ചില പഴയകാല പരിശീലന കേന്ദ്രങ്ങളിലൊന്നായ ശ്രീഭാരത് കളരിയുടെ ഗുരുക്കളാണ്.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്ന് ഗ്രാമത്തിൽ 1945 ജനുവരി 11ന് ജനിച്ച ശ്രീ പ്രസാദ്, തന്റെ പിതാവ് പരേതനായ ചിറയ്ക്കൽ ടി ശ്രീധരൻ നായരിൽ നിന്നാണ് കളരിപ്പയറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. അദ്ദേഹം വീട്ടിലും പിന്നീട് 1936-ൽ പിതാവ് സ്ഥാപിച്ച രാജ്കുമാർ കളരിയിലുമാണ് പരിശീലനം തുടർന്നത്. ഈ സ്ഥാപനത്തിന്റെ പേരാണ് സ്വാതന്ത്ര്യാനന്തരം ശ്രീഭാരത് കളരി എന്നാക്കിയത്. ബിരുദപഠനത്തിനുശേഷം റബർ ബോർഡിൽ ഉദ്യോഗസ്ഥനായും പിന്നീട് ഒരു റബർ തോട്ടത്തിന്റെ മാനേജരായും ശ്രീ പ്രസാദ് സേവനമനുഷ്ഠിച്ചു. 1998 മുതൽ ശ്രീഭാരത് കളരിയിൽ ഗുരുക്കളായി മുഴുവൻ സമയവും അദ്ദേഹമുണ്ട്. നൂറുകണക്കിനു ആൺകുട്ടികളെയും പെൺകുട്ടികളെയും പരിശീലിപ്പിച്ച്, കളരിപ്പയറ്റിന്റെ വക്താവായി അദ്ദേഹം തുടരുന്നു.
  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3