ഇന്ത്യയിലെ 25 ശതമാനത്തില്‍ താഴെ ജോലിസ്ഥലങ്ങളില്‍ മാത്രമേ ഭിന്നശേഷിയുള്ളവരെ ഉള്‍ക്കൊള്ളാന്‍ മതിയായ സൗകര്യങ്ങളുള്ളൂ
കൊച്ചി: രാജ്യത്തെ തൊഴിലിടങ്ങളില്‍ 25 ശതമാനത്തില്‍ താഴെ മാത്രമാണ് ഭിന്നശേഷിയുള്ളവരെ ഉള്‍ക്കൊള്ളാനുള്ള കഴിവുള്ളതെന്ന് എച്ച്ആര്‍ സേവന മേഖലയിലെ മുന്‍നിര സ്ഥാപനമായ റാന്‍ഡ്സ്റ്റാഡ് ഇന്ത്യ നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. എംബ്രേസിംഗ് ഓള്‍ എബിലിറ്റീസ് എന്ന തലക്കെട്ടില്‍ നടത്തിയ ഇക്വിറ്റി, ഡൈവേഴ്സിറ്റി ആന്‍റ് ഇന്‍ക്ലൂഷന്‍ പഠനത്തിന്‍റെ രണ്ടാം പതിപ്പാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഭിന്നശേഷിയുള്ള വ്യക്തികളെ ഉള്‍ക്കൊള്ളിക്കാന്‍ തങ്ങളുടെ സ്ഥാപനത്തിന് നയങ്ങളുണ്ടെന്ന് ഈ പഠനത്തില്‍ പങ്കെടുത്ത ബിസിനസ് നേതാക്കളില്‍ 65 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും (50 ശതമാനത്തോളം) ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നായിരുന്നു. 19 ശതമാനം പേര്‍ ഇന്ത്യന്‍ സ്വകാര്യ കമ്പനികളില്‍ നിന്നായിരുന്നു എങ്കില്‍ പൊതുമേഖലാ കമ്പനികളില്‍ നിന്നും ഇത് 4.5 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഇങ്ങനെ ഉള്‍പ്പെടുത്തുന്നത് തങ്ങളുടെ ലക്ഷ്യമാക്കി നിശ്ചയിച്ചിട്ടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ പൊതുമേഖലാ കമ്പനികളില്‍ നിന്നുള്ള 67 ശതമാനം പേരും ഇന്ത്യന്‍ സ്വകാര്യ കമ്പനികളില്‍ നിന്നുള്ള 55 ശതമാനം പേരും അഭിപ്രായപ്പെട്ടു. ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള 53 ശതമാനം പേരും ഇതു തങ്ങളുടെ ബിസിനസ് ലക്ഷ്യമായി നിശ്ചയിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി.
ഭിന്ന ശേഷിയുള്ളവരെ ഉള്‍പ്പെടുത്തുന്നതില്‍ നയങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും എല്ലാ തൊഴിലിടങ്ങളിലും വിവേചന രഹിതവും തുല്യ അവസരങ്ങള്‍ നല്‍കുന്നതുമായ രീതികള്‍ സൃഷ്ടിക്കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പഠനത്തിന്‍റെ വിശദ വിവരങ്ങള്‍ പങ്കുവെച്ചു കൊണ്ട് റാന്‍ഡ്സ്റ്റാഡ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ പിഎസ് വിശ്വനാഥ് പറഞ്ഞു.