35 ഭൗമ സൂചിക ഉത്പന്നങ്ങളുടെ വിവരങ്ങളടങ്ങിയ വെബ്സൈറ്റ്
തിരുവനന്തപുരം:ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഓൺലൈൻ വിപണി കണ്ടെത്തുന്നതിനും പിന്തുണ നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനുള്ള ഗവേഷണ പ്രവർത്തങ്ങൾ പ്രോത്സാഹിപ്പിക്കും. ഭൗമസൂചികാ പദവി ലഭിച്ച ഉത്പന്നങ്ങളുടെ വിപണി മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് സംഘടിപ്പിച്ച ജി.ഐ കോൺക്ലേവിൽ ഉത്പന്നങ്ങളുടെ സമഗ്ര വിവരങ്ങളടങ്ങിയ വെബ്സൈറ്റ് പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉത്പന്നങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നതിനായി മികച്ച മാർക്കറ്റിങ് രീതികൾ ഉപയോഗിക്കുന്നതിനു വകുപ്പ് പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ജി ഐ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
ഭൗമസൂചികാ പദവി ലഭിച്ച ഉത്പന്നങ്ങൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും കൂടുതൽ വിപണി കണ്ടെത്തുന്നതിനും വകുപ്പ് നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വെബ്സൈറ്റ് നിർമിച്ചത്. ഉത്പന്നങ്ങളുടെ പ്രത്യേകതകൾ, ഉത്പാദകരുടെയും വിപണനം നടത്തുന്നവരുടെയും വിവരങ്ങൾ തുടങ്ങിയവ www.gikerala.in ൽ ലഭ്യമാണ്. ഭാവിയിൽ ഉത്പന്നങ്ങൾ ഓൺലൈൻ വിപണനം നടത്താനാകും വിധത്തിൽ വൈബ്സൈറ്റിൽ സൗകര്യമൊരുക്കും. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് നിലവിൽ 35 ഭൗമ സൂചിക ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. വയനാട് ജീരകശാല അരി, വയനാട് റോബസ്റ്റ കോഫി, വാഴക്കുളം കൈതച്ചക്ക, മധ്യ തിരുവിതാംകൂർ ശർക്കര, മറയൂർ ശർക്കര, കുത്താംപുള്ളി കൈത്തറി, നവരയരി, പൊക്കാളി അരി, ആറന്മുള കണ്ണാടി, പാലക്കാടൻ മട്ട, ചേന്ദമംഗലം മുണ്ടുകൾ, കാസർഗോഡ് സാരി,എടയൂർ മുളക്, നിലമ്പൂർ തേക്ക്, ആലപ്പുഴ ഏലക്ക, തിരൂർ വെറ്റില, ചെങ്ങലിക്കോടൻ നാടൻ നേന്ത്ര തുടങ്ങി ഭൗമസൂചികാ പദവി ലഭിച്ച ഉത്പന്നങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.