ഹഡില്‍ ഗ്ലോബലിന് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഇന്ന് തുടക്കമാകും. ഡിസംബര്‍ 15, 16 തീയതികളില്‍ ദി ലീല, രാവിസ് കോവളം ഹോട്ടലില്‍ നടക്കുന്ന സംഗമം 15ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ജി ടെക് ചെയര്‍മാന്‍ വി കെ. മാത്യൂസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം.എബ്രഹാം, കെഎസ് യുഎം സിഇഒ അനൂപ് അംബിക എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 മുഖ്യമന്ത്രി പുറത്തിറക്കും.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. വിജയിയാകുന്ന സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപ ലഭിക്കും.
തമിഴ്നാട് സര്‍ക്കാര്‍ വിവര സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി ടി. മനോ തങ്കരാജ്, കേരള സര്‍ക്കാര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ അവതരിപ്പിക്കും. യുവ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ മെന്‍റര്‍മാരായെത്തും. വ്യാവസായിക പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.
മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളും ഇരുന്നൂറിലധികം മെന്‍റര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും. പുതിയ ആശയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി നൂറിലധികം നിക്ഷേപകരും സംഗമത്തിനെത്തുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരവുണ്ടാകും.നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ലഭിക്കും. അക്കാഡമിക് വിദഗ്ധരും സംരംഭകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ അഞ്ച് വ്യത്യസ്ത പരിപാടികള്‍ സമ്മേളനത്തിന്‍റെ ഭാഗമായുണ്ടാകും. സ്റ്റാര്‍ട്ടപ്പുകളുടെ പുതിയ ഉല്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളുടെ മുന്നില്‍ അവതരിപ്പിക്കണം എന്നതു മുതല്‍ എങ്ങനെ വിപണനം ചെയ്യണം എന്നു വരെയുള്ള കാര്യങ്ങള്‍ ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.
ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി സാമൂഹിക പ്രസക്തിയുള്ള കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനും അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമുള്ള നയരൂപീകരണത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സംരംഭകരുടെ വിപണനമൂല്യമുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും.