ഹരിത കേരളത്തിനൊരു ചോറ്റാനിക്കര മോഡല്‍
ചോറ്റാനിക്കര: മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അജൈവമാലിന്യ ശേഖരണത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,94,035 രൂപയാണ് പഞ്ചായത്തില്‍ ലഭിച്ചത്.
പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നായി 28 ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ മുഖേനയാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്. മാസത്തില്‍ 15 ദിവസം വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കും. അജൈവ മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് 2018 ല്‍ ആരംഭിച്ച ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വഴി ഇതുവരെ 270 ടണ്‍ അജൈവ മാലിന്യങ്ങള്‍ പഞ്ചായത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഒരുമാസം 4200 കിലോ വരെ മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്.
ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിച്ച മാലിന്യങ്ങള്‍ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുന്നു. ഇതിനായി പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളില്‍ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കും. ഇവിടെ നിന്നും മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി സ്വകാര്യ കമ്പനിയിലേക്ക് കൈമാറും.
വാതില്‍പ്പടി മാലിന്യ ശേഖരണം എന്ന ആശയമാണ് മാലിന്യ ശേഖരണത്തിനായി പഞ്ചായത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്. യൂസര്‍ ഫീയായി വീടുകളില്‍ നിന്ന് 50 രൂപയും സ്ഥാപനങ്ങളില്‍ നിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്.
ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനായി ബയോ ബിന്‍, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുണ്ട്. കൂടാതെ ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് കൃഷിഭവന്റെ സഹകരണത്തോടെ ജൈവാമൃതം വളം നിര്‍മ്മാണം, ചെടികള്‍ പച്ചക്കറി തൈകള്‍ എന്നിവയുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നുണ്ട്.
പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രാജേഷ് പറഞ്ഞു. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഹരിത കര്‍മ്മ സേനയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അവലോകന യോഗങ്ങള്‍ ചേരുകയും അജൈവ മാലിന്യ ശേഖരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വാര്‍ഡുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തില്‍ നിന്നും നല്ല പിന്തുണയാണ് ഹരിത കര്‍മ്മ സേനയ്ക്ക് ലഭിക്കുന്നതെന്ന് ഹരിത കര്‍മ്മ സേന പ്രവര്‍ത്തിക രമ്യ മനു പറഞ്ഞു.