മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരി പുതിയ പ്രചാരണ പരിപാടിയുമായി കേരളം
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിൻറെ ഭാഗമായുള്ള ‘ഗോൾ ചലഞ്ച്’ പരിപാടിക്ക് ഇന്നു (നവംബർ 16) തുടക്കമാകും. മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ട് കോടി ഗോളടിക്കാനാണ് സർക്കാർ തീരുമാനം. ക്യാമ്പയിൻറെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് അഞ്ചിനു നടക്കുന്ന പരിപാടിയിൽ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കായിക താരങ്ങൾ, സാംസ്‌കാരികരംഗത്തെ പ്രമുഖർ എന്നിവരെല്ലാം ഗോളടിച്ച് പങ്കെടുക്കും.
എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാർഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോൾ ചലഞ്ച് സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഡിസംബർ 18ന് ഗോൾ ചലഞ്ച് അവസാനിക്കും. രണ്ടാം ഘട്ട മയക്കുമരുന്ന് വിരുദ്ധ പ്രചാരണം ജനുവരി 26വരെയാണ്. മയക്കുമരുന്നിനെതിരെയുള്ള ഗോൾ ചലഞ്ച് പരിപാടിയിൽ എല്ലാവരും അണിചേരണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യർഥിച്ചു. ലോകകപ്പ് ആവേശം മയക്കുമരുന്നിനെതിരെയുള്ള വിപുലമായ പ്രചരണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യം. മയക്കുമരുന്ന് വിരുദ്ധ മാലിന്യമുക്ത ലോകകപ്പ് ആഘോഷിക്കാൻ ആരാധകർ രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യർഥിച്ചു.
തദ്ദേശ സ്വയം ഭരണ വാർഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ ഒരു ഗോൾ പോസ്റ്റ് തയ്യാറാക്കി വെച്ച്, എപ്പോൾ വേണമെങ്കിലും ആർക്കും വന്ന് ഗോളടിക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഗോൾ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ഒരുക്കും. ബോളിലും നോ ടു ഡ്രഗ്‌സ് എന്ന് പതിപ്പിക്കണം. ഓരോ പോസ്റ്റിലും ഗോൾ ചലഞ്ച് ഉദ്ഘാടനവും പെനാൾട്ടി ഷൂട്ടൗട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിക്കും. അടിക്കുന്നയാളിന്റെ പേരും ഗോളുകളുടെ എണ്ണവും രേഖപ്പെടുത്താനും സംവിധാനം ഒരുക്കാം. ചലഞ്ച് അവസാനിക്കുമ്പോൾ ആകെ അടിച്ച ഗോളുകളുടെ എണ്ണം ഓരോ കേന്ദ്രത്തിലും പ്രദർശിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങളുടെ പൊതു പ്രദർശന കേന്ദ്രങ്ങൾക്ക് സമീപം പോസ്റ്റുകളൊരുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനം സംഘടിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ വീഡിയോകൾ പ്രദർശിപ്പിക്കും. കളിക്ക് മുൻപും ഇടവേളയിലും ഫുട്‌ബോൾ, മയക്ക്മരുന്ന് വിരുദ്ധ ചർച്ചകൾ സംഘടിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡിലും വിദ്യാലയങ്ങളിലും നവംബർ 17 മുതൽ 25 വരെയാണ് ക്യാമ്പയിൻ. സാധ്യമായ ഇടങ്ങളിൽ ഡിസംബർ 18 വരെ ഗോൾ പോസ്റ്റ് നിലനിർത്താം. പെൺകുട്ടികളുടെയും യുവതികളുടെയും പ്രാതിനിധ്യം ഗോൾ ചലഞ്ചിൽ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനതലത്തിലും സ്‌കൂൾ തലത്തിലും വിപുലമായ ഉദ്ഘാടന പരിപാടിയും സംഘടിപ്പിക്കും. പെനാൾട്ടി ഷൂട്ടൗട്ട് മത്സരം, ഫുട്‌ബോൾ ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കും.
സ്‌കൂൾ/കോളേജ് ഹോസ്റ്റലുകളിലും പ്രത്യേകം പോസ്റ്റ് ഒരുക്കണം. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നവംബർ 17,18 തീയതികളിൽ ഗോൾ ചലഞ്ച് നടക്കും. എല്ലാ കുടുംബശ്രീ അംഗങ്ങളും ഗോളടിച്ച് ക്യാമ്പയിൻറെ ഭാഗമാകും. സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, റസിഡൻറ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നവംബർ 28 മുതൽ ഡിസംബർ 10വരെ ഗോൾ ചലഞ്ച് സംഘടിപ്പിക്കും. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾക്കും ഗോൾ ചലഞ്ചിൽ പങ്കെടുക്കാനാകണം. ഗോളിൻറെ എണ്ണവും പ്രദർശിപ്പിക്കാനാകണം. ബസ് സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബർ 10മുതൽ 18 വരെ ഫ്‌ലാഷ് മോബിൻറെ അകമ്പടിയോടെ ഗോൾ ചലഞ്ച് സംഘടിപ്പിക്കും. വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഇതിന് പുറമേ സംസ്ഥാന-ജില്ലാ-തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ സെലിബ്രെറ്റി ഫുട്‌ബോൾ മത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾ, കേരള ഒളിമ്പിക് അസോസിയേഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപനതല സ്‌പോർട്‌സ് കൗൺസിലുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.