ചെറുകിട വായ്പാ വിപണി കോവിഡിനു മുന്‍പുളള നിലയിലേക്ക്
കൊച്ചി: രാജ്യത്തെ വായ്പാ ആവശ്യങ്ങള്‍ നടപ്പു വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ കോവിഡിനു മുന്‍പുള്ളതിനേക്കാള്‍ മുകളിലെത്തി. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ വായ്പാ മേഖല കൈവരിച്ച മികച്ച നേട്ടങ്ങളാണ് ഇതിനു പിന്തുണയേകിയത്. വായ്പാ ആരോഗ്യ സൂചികയില്‍ കേരളവും കര്‍ണാടകയും 16 പോയിന്‍റുകള്‍ വീതമാണ് കഴിഞ്ഞ 12 മാസത്തില്‍ മെച്ചപ്പെടുത്തിയതെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ ക്രെഡിറ്റ് മാര്‍ക്കറ്റ് ഇന്‍ഡിക്കേറ്റര്‍ (സിഎംഐ) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍ എന്നിവ 14 പോയിന്‍റും മെച്ചപ്പെടുത്തി. രാജ്യത്തെ ചെറുകിട വായ്പാ മേഖലയുടെ സ്ഥിതിയെ കാണിക്കുന്ന ഈ സൂചിക 2022 ജൂണില്‍ 99-ല്‍ എത്തി. കോവിഡിനു മുന്‍പുള്ള 2019 ഡിസംബറിലേതിനു തുല്യമാണ് ഈ നില. സര്‍ക്കാരിന്‍റെ പുരോഗമന നയങ്ങളും അവയുടെ സജീവമായ നടപ്പാക്കലും ഇന്ത്യയിലെ വായ്പാ വിപണിയിലേക്ക് ആവേഗം തിരിച്ചു കൊണ്ടു വന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.