കെഎസ്എഫ് ഡിസി നിര്‍മ്മിച്ച ചിത്രത്തിന് സംസ്ഥാന അവാര്‍ഡ്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) സംസ്ഥാന സര്‍ക്കാരിനു വേണ്ടി നിര്‍മ്മിച്ച നിഷിദ്ധോ 52 -മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി. നിശാഗന്ധിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം വിതരണം ചെയ്തത്. സംവിധായികയ്ക്കുള്ള പുരസ്കാരം നിഷിദ്ധോയുടെ സംവിധായിക താരാ രാമാനുജനും നിര്‍മ്മാതാവിനുള്ള പുരസ്കാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ( കെഎസ്എഫ് ഡിസി) മാനേജിംഗ് ഡയറക്ടര്‍ എന്‍ മായ ഐ എഫ് എസും ഏറ്റുവാങ്ങി.
വനിതാ സംവിധായകരെ പിന്തുണയ്ക്കുന്നതിനുള്ള കേരള സര്‍ക്കാരിന്‍റെ നൂതന സംരംഭത്തിന്‍റെ ഭാഗമായി കെഎസ്എഫ് ഡിസി നിര്‍മ്മിച്ച ആദ്യ ചിത്രമാണ് നിഷിദ്ധോ. കെഎസ്എഫ് ഡിസി ചെയര്‍മാനും പ്രമുഖ ചലച്ചിത്രകാരനുമായ ഷാജി എന്‍ കരുണും സന്നിഹിതനായിരുന്നു. താരാ രാമാനുജന്‍റെ ആദ്യ ചിത്രമായ നിഷിദ്ധോ പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളിയും തമിഴ് യുവതിയുമായുള്ള ബന്ധവും അവരുടെ ജീവിത സംഘര്‍ഷങ്ങളുമാണ് പ്രമേയമാക്കുന്നത്. കനി കുസൃതിയും തന്‍മയ് ധനനിയയുമാണ് ഇതിലെ അഭിനേതാക്കള്‍. പ്രമുഖ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം നിരവധി അവാര്‍ഡുകളും നിരൂപക പ്രശംസയും നേടി. 2022 ലെ ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നിഷിദ്ധോ മികച്ച ഫീച്ചര്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
26-ാമത് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള 2022-ന്‍റെ ഇന്‍റര്‍നാഷണല്‍ കോംപറ്റീഷന്‍ സെക്ഷനില്‍ ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായികയ്ക്കുള്ള എഫ്എഫ്എസ്ഐ കെ ആര്‍. മോഹനന്‍ അവാര്‍ഡ് താര രാമാനുജന് ഈ ചിത്രം നേടിക്കൊടുത്തു. 13-ാമത് ബംഗളൂരു ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യന്‍ സിനിമാ മത്സര വിഭാഗത്തിലും 27-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.