ബംഗാളില്‍ ഒരു മന്ത്രികൂടി രാജിവെച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വനംവകുപ്പ് മന്ത്രി റജിബ് ബാനര്‍ജി, മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമുല്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. വമവകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിസ്ഥാനത്തുനിന്ന് താന്‍ രാജിസമര്‍പ്പിക്കുന്നതായും ഇക്കാര്യം അറിയിക്കുന്നതില്‍ ഖേദിക്കുന്നുവെന്നും ബാനര്‍ജി തന്റെ രാജിക്കത്തില്‍ പറഞ്ഞു. ഡോംജൂര്‍ മണ്ഡലത്തിലെ നിയമസഭാംഗവും ഹൗറ ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോര്‍ഡിനേറ്ററുമായിരുന്നു ബാനര്‍ജി. വനം വകുപ്പ് ലഭിക്കുന്നതിന് മുമ്പ് സംസ്ഥാന ജലസേചന മന്ത്രി കൂടിയായിരുന്നു അദ്ദേഹം.
നേരത്തെ ഗതാഗത,ജലസേചന മന്ത്രിയും മന്ത്രിസഭയിലെ കരുത്തനുമായിരുന്ന സുവേന്ദു അധികാരിയടക്കമുള്ള പ്രമുഖര്‍ രാജി സമര്‍പ്പിച്ചിരുന്നു. അവര്‍ ബിജെപിയിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം അല്ലാത്തവരും അണികളും ബിജെപിയിലേക്ക് ചേക്കേറി. ഇന്ന്് തൃണമൂല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത് ബിജെപിയാണ്. അതോടൊപ്പം സുവേന്ദു അധികാരിയെപ്പോലുള്ള നേതാക്കളുടെ മാറ്റവും ടിഎംസിയെ വെട്ടിലാക്കിയിട്ടുണ്ട്. എങ്കിലും മമതക്ക് സംസ്ഥാനത്ത് വിജയം പിടിച്ചെടുക്കാനാകുമെന്ന്് അവര്‍ കരുതുന്നു. പക്ഷേ മുന്‍പുള്ളതിനേക്കാള്‍ വെല്ലുവിളി ഇന്ന്് സംസ്ഥാനത്ത് നേരിടുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
ടിഎംസിക്കൊപ്പം വിശാലമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ബിജെപിയും സംസ്ഥാനത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.ഇത് അവരുടെ വിജയപ്രതീക്ഷ വളരെ വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഒരു കാര്യം വ്യക്തമാണ്, ബിജെപി ഇന്ന് ബംഗാളില്‍ അതിശക്തമാണ്. ഇനി തെരഞ്ഞെടുപ്പ് കാലത്തിന് അധിക നാളുകളില്ല. ഈ മാസങ്ങളില്‍ എന്തങ്കിലും വ്യതിയാനങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഒരു മികച്ച പോരാട്ടത്തിന് ബംഗാള്‍ ജനാധിപത്യം സാക്ഷ്യം വഹിക്കും.