‘മോദി മന്ദിർ’ സംഘടിപ്പിക്കുന്ന ആദ്ധ്യാത്മിക യാത്രയുടെ ആദ്യ ഘട്ടത്തിന് സമാപനം
ന്യൂഡൽഹി: ആദി യാത്ര എന്ന ആദ്ധ്യാത്മിക യാത്രയുടെ ആദ്യ ഘട്ടത്തിന് സമാപനം. മോദി മന്ദിർ എന്ന സാംസ്‌കാരിക സംഘടയാണ് ആദി ശങ്കരാചാര്യരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കിയുള്ള യാത്രയ്‌ക്ക് തുടക്കമിട്ടത്. ശ്രീനഗറിൽ നിന്ന് കേദാർനാഥ് അടക്കമുള്ള പുണ്യ കേന്ദ്രങ്ങൾ സന്ദർശിച്ചാണ് ഉത്തരഭാരതത്തിലെ ആദ്യ ഘട്ടം സംഘം പൂർത്തിയാക്കിയത്. ലോകം ഇന്ന് നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം ശ്രീ ശങ്കരാചാര്യരുടെ അദ്വൈത സന്ദേശമാണെന്ന എന്ന ആശയം മുൻ നിർത്തിയാണ് ‘ആദി യാത്ര’ സംഘടിപ്പിക്കുന്നത്. ഗ്ലോബൽ സിറ്റിസൺ ഫോറം, മോദി യോഗ റിട്രീറ്റ്, ഇന്ത്യ-അമേരിക്ക പബ്ലിക് അഫയേഴ്സ് കമ്മിറ്റി, ഡിജിഫ്‌ലിക് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ആദിയാത്ര 2022 മെയ് 30-ന് ശ്രീനഗറിൽ നിന്നാണ് ആരംഭിച്ചത്.
ആദി യാത്രയുടെ ആദ്യ ഘട്ടത്തിൽ കാശ്മീരിൽ ശാരദാപീഠം ഉൾപ്പെടെ ശങ്കരാചാര്യരാൽ സ്ഥാപിക്കപ്പെട്ട പുണ്യ സങ്കേതങ്ങളും, ഹിമാലയത്തിലെ ചാർ ധാമും (യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ്) സന്ദർശിച്ചതായി സംഘാടകർ അറിയിച്ചു. ദക്ഷിണ ഭാരതത്തിൽ, ശങ്കരാചാര്യ ജന്മസ്ഥലമായ കാലടി, ശങ്കര മഠങ്ങളുള്ള ശ്യംഗേരി, മൂകാംബിക തുടങ്ങിയ പുണ്യ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ‘ആദി യാത്ര’ തിരുവനന്തപുരത്ത് സമാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വിശ്വഹിന്ദു പരിഷത്ത് ദേശീയ പ്രസിഡന്റ്ആലോക് കുമാർ, മുൻ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു, സ്മാർട്ട് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രീതി മൽഹോത്ര തുടങ്ങിയവർ തിരുവനന്തപുരത്ത് ചടങ്ങിൽ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു. ലണ്ടൻ, അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ‘ആദി യാത്ര’ യുടെ 150 പരിപാടികളും സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.
ആദിശങ്കരാചാര്യരുടെ അദ്വൈത സന്ദേശം പ്രചരിപ്പിക്കുന്നതിനായുള്ള ആദിയാത്ര കാശ്മീരിൽ നിന്ന് ആരംഭിച്ച അവസരത്തിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ‘ആദി ശങ്കര’ എന്ന ടെലി ഫിലിം പ്രദർശിപ്പിച്ചതായും സംഘാടകരിൽ പ്രമുഖ വ്യവസായി ഡോ.ബി.കെ.മോദി അറിയിച്ചു. സിംഗപ്പൂർ ഫിലിം ഫണ്ട് നിർമ്മിച്ച ചിത്രത്തിൽ ഇന്ത്യൻ ടെലിവിഷൻ രംഗത്തെ നിരവധി പ്രഗത്ഭരായ അഭിനേതാക്കളാണ് ഭാഗമായിട്ടുള്ളത്. ഏറ്റവും പുതിയ വിഎഫ്എക്‌സ് നിർമ്മാണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച ആദി ശങ്കര ചിത്രം വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് ഉടൻ മൊഴിമാറ്റം ചെയ്യുമെന്നും ഒടിടി പ്ലാറ്റഫോ മുകളിലടക്കം പ്രദർശിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.