ആദ്യ സിട്രോയെന്‍ ഷോറൂം അഹമ്മദാബാദില്‍
2021 ആദ്യ പാദത്തില്‍ സി5 എയര്‍ക്രോസ് മിഡ് സൈസ് എസ് യുവി വിപണിയില്‍ അവതരിപ്പിക്കും
ന്യൂഡെല്‍ഹി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്‍ ഇന്ത്യയിലെ ആദ്യ ഷോറൂം ഗുജറാത്തിലെ അഹമ്മദാബാദില്‍ തുറക്കും. സിട്രോയെന്റെ വീട് എന്ന് ഫ്രഞ്ച് ഭാഷയില്‍ അര്‍ത്ഥം വരുന്ന ല മെയ്‌സോണ്‍ സിട്രോയെന്‍ എന്നാണ് സ്വന്തം ഷോറൂമുകളെ ഫ്രഞ്ച് ബ്രാന്‍ഡ് വിളിക്കുന്നത്. സി5 എയര്‍ക്രോസ് എന്ന മിഡ് സൈസ് എസ് യുവിയാണ് സിട്രോയെന്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. 2021 ആദ്യ പാദത്തില്‍ വിപണി അവതരണം നടക്കും.
അഹമ്മദാബാദിലെ സോലയില്‍ സര്‍ഖേജ് ഗാന്ധിനഗര്‍ ഹൈവേയോരത്ത് സണ്‍ എംബാര്‍ക്ക് എന്ന പേരിലാണ് ഷോറൂം ആരംഭിക്കുന്നത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഷോറൂം. അഞ്ച് കാറുകള്‍ പ്രദര്‍ശിപ്പിക്കാം. ഉപയോക്താക്കള്‍ക്ക് ഫിജിറ്റല്‍ (ഫിസിക്കല്‍ + ഡിജിറ്റല്‍) വാങ്ങല്‍ അനുഭവം ഒരുക്കും. വര്‍ക്ക്‌ഷോപ്പ് കൂടി സജ്ജീകരിക്കും.
സിട്രോയെന്‍ ബ്രാന്‍ഡിനെയും അതിന്റെ ഉല്‍പ്പന്നങ്ങളെയും ഡിജിറ്റലായി അടുത്തറിയുന്നതിന് ഷോറൂമിനകത്ത് സൗകര്യമൊരുക്കും. വാങ്ങുന്ന കാര്‍ പേഴ്‌സണലൈസ് ചെയ്യുന്നതിന് 3ഡി കോണ്‍ഫിഗറേറ്റര്‍ ഉണ്ടായിരിക്കും. സിട്രോയെനിസ്റ്റ് കഫേ മറ്റൊരു സവിശേഷതയായിരിക്കും.
തുടക്കത്തില്‍ രാജ്യത്തെ പത്ത് നഗരങ്ങളിലായി പത്ത് ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് പദ്ധതി. ഡെല്‍ഹി, ഹൈദരാബാദ്, മുംബൈ, പുണെ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, കൊച്ചി, ഗുരുഗ്രാം എന്നീ നഗരങ്ങളിലാണ് മറ്റ് ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നത്. ബ്രാന്‍ഡ് തങ്ങളുടെ ഒരു പൈതൃക കാര്‍ കൂടി ഷോറൂം പരിസരത്ത് പ്രദര്‍ശിപ്പിക്കും. ‘ലു പെറ്റി’ ഷോപ്പില്‍നിന്ന് സിട്രോയെന്‍ ഉല്‍പ്പന്നങ്ങളും മിനിയേച്ചര്‍ മോഡലുകളും മറ്റും വാങ്ങാന്‍ കഴിയും.
ഇന്ത്യയിലെ ജനങ്ങളുടെ കാര്‍ വാങ്ങല്‍ അനുഭവം വിപ്ലവകരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സിട്രോയെന്‍ ഇന്ത്യ വില്‍പ്പന ആന്‍ഡ് ശൃംഖല വിഭാഗം വൈസ് പ്രസിഡന്റ് ജോയല്‍ വെറാനി പറഞ്ഞു.