ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ‘ഫിന്‍ക്ലൂവേഷന്‍’ ആരംഭിച്ചു
ന്യൂ ഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവിന്റെയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചും തപാല്‍ വകുപ്പിന് (DoP) കീഴില്‍ 100% ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (IPPB) ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് സമൂഹവുമായി സഹകരിച്ചു കൊണ്ട് ഫിന്‍ക്ലൂവേഷന്‍ എന്ന നൂതന സംരംഭം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. സാമ്പത്തിക ഉള്‍പ്പെടുത്തലിനുള്ള പരിഹാരങ്ങള്‍ സൃഷ്ടിക്കാനും നവീകരിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.
സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ലക്ഷ്യമാക്കിയുള്ള അര്‍ത്ഥവത്തായ സാമ്പത്തിക ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് സമൂഹത്തെ അണിനിരത്തുന്നതിനുള്ള ശക്തമായ ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനുള്ള ഒരു സംരംഭമാണ് ഫിന്‍ക്ലൂവേഷന്‍ എന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്‌സ്-ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. IPPB-യുടെ ബാങ്കിംഗ് സംവിധാനം , തപാല്‍ വകുപ്പിന്റെ വിശ്വാസയോഗ്യമായ വീട്ട് പടിക്കല്‍ സേവന ശൃംഖല, സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക-പ്രവര്‍ത്തനക്ഷമത എന്നിവയുടെ സംയോജനത്തിലൂടെ രാജ്യത്തെ പൗരന്മാര്‍ക്ക് മികച്ച സേവനം നല്‍കാനാകും.
ഫിന്‍ക്ലൂവേഷന്‍ ഒരു സ്ഥിരം പ്ലാറ്റ്‌ഫോമായിരിക്കും. താഴെപറയുന്ന ഏതെങ്കിലുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും:
1) ക്രെഡിറ്റൈസേഷന്‍,
2) ഡിജിറ്റൈസേഷന്‍,
3) മറ്റേതെങ്കിലും പ്രസക്തമായ പ്രശ്‌നങ്ങള്‍ക്ക് വിപണി അധിഷ്ഠിത പരിഹാരങ്ങള്‍
തപാല്‍ ശൃംഖലയും ഐപിപിബിയുടെ സാങ്കേതികവിദ്യയും ഉപയോഗിച്ച് പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനും പ്രസ്തുത വകുപ്പിലെ വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഫിന്‍ക്ലൂവേഷന്‍ സ്റ്റാര്‍ട്ടപ്പുകളെ അനുവദിക്കും. പൈലറ്റ് പദ്ധതി വിജയകരമായാല്‍, പിന്നീട് ദീര്‍ഘകാല പങ്കാളിത്തത്തിലേക്ക് കടക്കാന്‍ കഴിയും.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കും തപാല്‍ വകുപ്പും ഒരുമിച്ച് 430 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് അയല്‍പക്കത്തെ പോസ്റ്റ് ഓഫീസുകളിലൂടെയും അവരുടെ വീട്ടുവാതില്‍ക്കല്‍ വഴിയും സേവനം നല്‍കുന്നു. ഇതിനായി 4,00,000-ത്തിലധികം പോസ്റ്റ് ഓഫീസ് ജീവനക്കാര്‍, ഗ്രാമിന്‍ ഡാക് സേവകര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും വിശ്വസനീയവുമായ തപാല്‍ ശൃംഖലകളിലൊന്നാണ് ഇന്ത്യയുടേത്.