ഹൈടെക് ഇൻഫ്രാസ്ട്രക്ചർ ഹാർഡ്‌വെയർ നിർമ്മാണ മേഖലയിൽ സംയുക്ത സംരംഭവുമായി റിലയൻസ്
മുംബൈ: കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കിംഗ്, പ്രതിരോധം, എയ്‌റോസ്‌പേസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഹൈടെക് ഇൻഫ്രാസ്ട്രക്ചർ ഹാർഡ്‌വെയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇലക്ട്രോണിക് നിർമ്മാണ സംയുക്ത സംരംഭം ഇന്ത്യയിൽ സ്ഥാപിക്കുമെന്ന് റിലയൻസും സാൻമിന കോർപ്പറേഷനും പ്രഖ്യാപിച്ചു.സംയുക്ത സംരംഭത്തിൽ റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് (ആർഎസ്ബിവിഎൽ) 50.1 ശതമാനം ഇക്വിറ്റി ഓഹരിയും സാൻമിനയ്ക്ക് 49.9 ശതമാനം ഓഹരി വീതം ഉണ്ടാകും.
റിലയൻസ് സാൻമിനയുടെ നിലവിലുള്ള ഇന്ത്യൻ സ്ഥാപനമായ സാൻമിന എസ്‌സിഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ 1670 കോടി രൂപ നിക്ഷേപിച്ചാണ് 50.1 ശതമാനം ഓഹരികൾ ഏറ്റുവാങ്ങുന്നത്. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായ ഇടപാട് 2022 സെപ്റ്റംബറിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പങ്കാളിത്തം സാൻമിനയുടെ 40 വർഷത്തെ നൂതന ഉൽപ്പാദന പരിചയവും റിലയൻസിന്റെ വൈദഗ്ധ്യവും ഇന്ത്യൻ ബിസിനസ് ഇക്കോസിസ്റ്റത്തിലെ നേതൃത്വവും പ്രയോജനപ്പെടുത്തും. ചെന്നൈയിലെ സാൻമിനയുടെ 100 ഏക്കർ കാമ്പസിലാണ് ആദ്യം മുഴുവൻ നിർമ്മാണവും നടക്കുക. സാൻമിനയുടെ നിലവിലുള്ള മാനേജ്‌മെന്റ് ടീം തന്നെ ആയിരിക്കും ദൈനംദിന ബിസിനസ്സ് നിയന്ത്രിക്കുക.
ഇന്ത്യയിൽ ഹൈടെക് നിർമ്മാണത്തിനുള്ള സുപ്രധാന വിപണി അവസരം ആക്‌സസ് ചെയ്യുന്നതിന് സാൻമിനയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിലയൻസ് ജിയോയുടെ ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു. വളർച്ചയ്ക്കും സുരക്ഷയ്ക്കും, ടെലികോം, ഐടി, ഡാറ്റാ സെന്ററുകൾ, ക്ലൗഡ്, 5ജി, ന്യൂ എനർജി, മറ്റ് വ്യവസായങ്ങൾ എന്നിവയിൽ ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ഇന്ത്യ കൂടുതൽ സ്വയം പ്രാപ്തയാകേണ്ടത് അത്യാവശ്യമാണ്. കയറ്റുമതി സാധ്യതകളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം ഇന്ത്യയിലെ ഉയർന്ന സാങ്കേതിക അടിസ്ഥാന സൗകര്യ ഹാർഡ്‌വെയറിനായുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് ഈ സംയുക്ത സംരംഭം നിറവേറ്റും എന്നും ആകാശ് അംബാനി കൂട്ടിച്ചേർത്തു.