November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലൈഫ് മിഷന് മനസ്സോടിത്തിരി മണ്ണ് നൽകി അടൂർ ഗോപാലകൃഷ്ണൻ

1 min read

Adoor Gopalakrishnan during a ceremony hosted by Margi, Thiruvananthapuram in 2012. Photography by HAREE FOTOGRAFIE, NEWNMEDIA™.

തിരുവനന്തപുരം: ലൈഫ്മിഷന്റെ ഭാഗമായി ഭൂ-ഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ആരംഭിച്ച ”മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും പങ്കാളിയായി.
ഭൂ-ഭവന രഹിതരായ പാവങ്ങൾക്ക് ഭൂമി സംഭാവന ചെയ്യാൻ തയ്യാറാവണമെന്നഭ്യർത്ഥിച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അടൂർ ഗോപാലകൃഷ്ണൻ നിറഞ്ഞ മനസ്സോടെ തന്റെ ഭൂമി പങ്കുവെക്കാൻ തീരുമാനിച്ചത്. ഐ പി എസ് ഉദ്യോഗസ്ഥയായി നാഗ്പൂരിൽ ജോലി ചെയ്യുന്ന മകൾ അശ്വതിയോട് അടൂർ ഈ കാര്യം പങ്കുവെച്ചപ്പോൾ മകളും അച്ഛനോടൊപ്പം ചേർന്നു. എത്രയും പെട്ടെന്ന് ഭൂമി നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ അശ്വതിയും പറഞ്ഞു. നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് അറിയിച്ചുള്ള അടൂരിന്റെ ഫോൺ വന്നയുടൻ അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തി മന്ത്രി സംസ്ഥാന സർക്കാരിന് വേണ്ടി നന്ദി അറിയിച്ചു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

അടൂർ, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5 സെന്റ് ഭൂമി മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ ഭൂ-ഭവന രഹിതർക്ക് അടൂർ ഗോപാലകൃഷ്ണൻ കൈമാറുന്നത്. ഇത് ഭൂദാനമല്ല, എന്റെ മണ്ണിന്റെ പങ്ക് പകുത്ത് നൽകുകയാണെന്നും ഇത് എന്റെ കടമയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ലോകമാകെ ആദരിക്കുന്ന മഹാപ്രതിഭയായ അടൂരിന്റെ തീരുമാനം സംസ്ഥാന സർക്കാരിന് വലിയ പ്രചോദനമാണ് നൽകുന്നതെന്നും ഭൂ-ഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാനുള്ള യത്നം സഫലമാക്കാനുള്ള ഊർജ്ജമാണ് ഇത്തരം നിലപാടുകളെന്നും മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചലച്ചിത്ര മേഖലയിലും പുറത്തുമുള്ള സുമനസുകൾ ”മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനിൽ പങ്കാളികളാവാൻ മുന്നോട്ടുവന്നാൽ രണ്ടരലക്ഷത്തിലേറെയുള്ള അർഹതയുള്ള ഭൂ-ഭവന രഹിതർക്ക് തലചായ്ക്കാൻ സ്വന്തമായി വീടൊരുക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തിൽ വൻ ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നേറുന്നത്.

  'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന്
Maintained By : Studio3