2020 നവംബര്‍ മുതല്‍ ഇപിഎഫ് സബ്‌സ്‌ക്രിപ്ഷനിലുണ്ടായത് 109.21 ശതമാനം വളര്‍ച്ച
ന്യൂഡല്‍ഹി: 2020-21ന്റെ ആദ്യപാദത്തില്‍ കോവിഡ് വ്യാപനത്തിന്റെയും രാജ്യവ്യാപക ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്ത് ഇടിവുസംഭവിച്ച വിവിധ തൊഴില്‍ സൂചകങ്ങള്‍ ശക്തിയായി തിരിച്ചുവന്നു. കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2021-22ലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സമ്പദ്വ്യവസ്ഥയുടെ പുനഃസ്ഥാപനത്തോടെതൊഴിലില്ലായ്മ നിരക്ക് (യുആര്‍), തൊഴില്‍ശക്തി പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍), തൊഴിലാളികളുടെ എണ്ണത്തിന്റെ നിരക്ക് (ഡബ്ല്യുപിആര്‍) എന്നിവ 2020-21ലെ അവസാന പാദത്തില്‍ മഹാമാരിക്കു മുമ്പുള്ള നിലയിലെത്തുമെന്ന് സര്‍വേ പറയുന്നു. ഇപിഎഫ്ഒ വിവരങ്ങളുടെ വിശകലനത്തില്‍ 2021-ലെ ഇപിഎഫ് സബ്‌സ്‌ക്രിപ്ഷനുകളിലെ പ്രതിമാസ കൂട്ടിച്ചേര്‍ക്കല്‍ നിരക്ക്, 2019-ല്‍ മഹാമാരിക്കു മുമ്പുള്ള ഇതേ മാസങ്ങളിലുള്ളതിനെ മറികടന്നതായി കണ്ടെത്തി. 2021 നവംബറില്‍, പ്രതിമാസ അധിക ഇപിഎഫ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് 13.95 ലക്ഷം പുതിയ വരിക്കാരായി ഉയര്‍ന്നു. 2017 ന് ശേഷമുള്ള ഏതൊരു മാസത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നു സര്‍വേ വ്യക്തമാക്കുന്നു. 2020 നവംബര്‍ മുതല്‍ ഇപിഎഫ് സബ്‌സ്‌ക്രിപ്ഷനിലുണ്ടായത് 109.21 ശതമാനം വളര്‍ച്ചയാണ്.
2020-ല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ സമയത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്) തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി സര്‍വേ നിരീക്ഷിക്കുന്നു. എങ്കിലും, കുടിയേറ്റ ഉത്ഭവസംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഒഡീഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 2021-ലെ മിക്ക മാസങ്ങളിലും എംജിഎന്‍ആര്‍ഇജിഎസ് തൊഴിലവസരങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഇതിനു വിപരീതമായി, 2020-നെ അപേക്ഷിച്ച് 2021-ലെ മിക്ക മാസങ്ങളിലും കുടിയേറ്റക്കാര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്ന പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ ആവശ്യകത കൂടുതലായിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ ആവശ്യകത സ്ഥിരത കൈവരിച്ചതായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. എംജിഎന്‍ആര്‍ഇജിഎസ് തൊഴിലവസരങ്ങള്‍ ഇപ്പോഴും മഹാമാരിക്കു മുമ്പുള്ളതിനേക്കാള്‍ കൂടുതലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിനിടയില്‍, 2021 ജൂണില്‍ എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ ആവശ്യകത 4.59 കോടിപേര്‍ എന്ന നിലയില്‍ പരമാവധി ഉയര്‍ന്ന നിലയിലെത്തി.