നേതൃമാറ്റം: യെദിയൂരപ്പയെ പിന്തുണച്ച് പുതിയ കാമ്പെയ്ന്‍
1 min readബെംഗളൂരു: കര്‍ണാടകയിലെ ഭരണനേതൃത്വം മാറ്റാനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ പിന്തുണയ്ക്കുന്ന നിയമസഭാംഗങ്ങളും അനുയായികളും പുതിയ കാമ്പെയ്ന്‍ ആരംഭിച്ചു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. മുഖ്യമന്ത്രി യെദിയൂരപ്പ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആര്‍എസ്എസ് നേതാക്കള്‍ക്കും ന്യൂഡെല്‍ഹിയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കും ഉള്ള മുന്നറിയിപ്പാണ് ഈ കാമ്പെയ്നെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ വീരശൈവ-ലിംഗായത്ത് മതപ്രതിനിധികളുടെ ഒരു പ്രസ്ഥാനം ആരംഭിക്കാനും മുഖ്യമന്ത്രിയെ പിന്തുണക്കുന്നവര്‍ തയ്യാറായിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തേക്ക് താന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് യെദിയൂരപ്പ സ്വയം പ്രഖ്യാപിച്ചപ്പോഴും, അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരു പ്രഖ്യാപനം നടത്താന്‍ ബിജെപിയിലെ ഒരു ഉന്നത നേതാവും മുന്നോട്ട് വന്നില്ല എന്നതും ശ്രദ്ധേയമാണ്.
യെദിയൂരപ്പയെ മാറ്റിയാല്‍ സംസ്ഥാനത്തെ ജനപിന്തുണ കുറയുമെന്നും അത് പാര്‍ട്ടിയുടെ തകര്‍ച്ചക്ക് വഴിതെളിയക്കുമെന്നും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പറയുന്നു. അതിനാല്‍ സംസ്ഥാനത്തെ നേതൃത്വ പ്രശ്നത്തില്‍ തിരശ്ശീല വീഴണമെന്ന് യെദിയൂരപ്പയുടെ സംഘം കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ തയ്യാറെടുക്കുകയാണ്. “അവര്‍ ഈ ദിശയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ബിജെപിക്ക് കനത്ത ദുരിതം നേരിടേണ്ടിവരുമെന്നും അവരുടെ ശ്രദ്ധയില്‍പ്പെടുത്തും,” വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ കര്‍ണാടകയില്‍ ബിജെപി പാര്‍ട്ടിക്ക് നാശമുണ്ടാകുമെന്ന് അഖില ഭാരത വീരശൈവ മഹാസഭാ പ്രസിഡന്‍റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷമാനൂര്‍ ശിവശങ്കരപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. “ബിജെപി നേതാക്കള്‍ ചരിത്രം മനസിലാക്കണം. ലിംഗായത്ത് നേതൃത്വത്തെ അസ്വസ്ഥമാക്കിയാല്‍ ഉണ്ടാകാവുന്ന അനന്തരഫലം അര്‍ മനസിലാക്കണം. മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ സമൂഹം ബിജെപിയ്ക്ക് ഉചിതമായ ഉത്തരം നല്‍കും, “അദ്ദേഹം പറഞ്ഞു. മറ്റൊരു സുപ്രധാന സംഭവവികാസത്തില്‍ മറ്റൊരു ശക്തനായ കോണ്‍ഗ്രസ് നേതാവ് എം.ബി. പാട്ടീല്‍ നേതൃത്വം മാറ്റാന്‍ ശ്രമിച്ചാല്‍ ബിജെപിക്ക് ലിംഗായത്ത് വോട്ട് ബാങ്ക് അടിത്തറ നഷ്ടപ്പെടുമെന്ന് വ്യക്തമാക്കി.