ആന്ധ്രയില്‍ കോണ്‍ഗ്രസ് അപ്രസക്തമായി; പാര്‍ട്ടി പുനരുജ്ജീവനത്തിന് വഴിതേടേണ്ടത് അനിവാര്യം
1 min readഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഇന്ന് കോണ്‍ഗ്രസ് അപ്രസക്തമായിക്കഴിഞ്ഞു. 2009 ല്‍ ഏകീകൃത ആന്ധ്രാപ്രദേശില്‍ നിന്നുള്ള 42 ലോക്സഭാ എംപിമാരില്‍ 33 പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരായിരുന്നു.ഇന്ന് സ്ഥിതി അതല്ല. നിലവില്‍ സംസ്ഥാനം വിഭജിച്ച് ഏഴ് വര്‍ഷത്തിനിപ്പുറം നിയമസഭയിലോ ലോക്സഭയിലോ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിപോലും പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഇല്ല. തെലങ്കാനയിലെ സ്ഥിതിയും അത്രകണ്ട് മെച്ചമാണ് എന്നുപറയാനാകില്ല. 2014 മുതല്‍ കോണ്‍ഗ്രസിന് തെലുങ്ക് സംസാരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് ആന്ധ്രയില്‍ രാഷ്ട്രീയ തോല്‍വികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ആന്ധ്രാപ്രദേശ് വിഭാഗത്തില്‍ ഐക്യത്തിന്‍റെ അഭാവം, ആഭ്യന്തര നേതൃത്വ കലഹങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഇതിനുകാരണമാണ്. പാര്‍ട്ടിയില്‍ ഇപ്പോള്‍ അംഗങ്ങള്‍ തീരെ ചുരുങ്ങിയിരിക്കുന്നു. അത് സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ നേതൃതലത്തില്‍വരെ അങ്ങനെയായി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളൊന്നും സംസ്ഥാന നേതൃത്വമോ കേന്ദ്ര സംഘമോ ചെയ്യുന്നില്ല. ഇനി അടുത്ത തെരഞ്ഞെടുപ്പുവരെ അവര്‍ ഒതുങ്ങിക്കൂടും. തെരഞ്ഞെടുപ്പിനുമാത്രം രംഗത്തിറങ്ങുന്ന നേതാക്കള്‍ക്ക് എങ്ങനെ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്താനാകും? വിജയവാഡയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ആന്ധ്ര രത്ന ഭവനില്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകരില്ലാത്ത അവസ്ഥയാണ് ഉള്ളത്.
പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള ആശയവിനിമയത്തിന്‍റെ അഭാവമാണ് എന്നും പാര്‍ട്ടിക്ക് വിനയായത്. രണ്ട് വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ എന്‍. തുളസി റെഡ്ഡി, ഷെയ്ഖ് മസ്താന്‍ വാലി, പുതിയ പിസിസി മേധാവി സെയ്ക്ക് സൈലജനാഥ് എന്നിവര്‍ക്ക് അണികളുമായുള്ള ബന്ധം സ്ഥാപിക്കാനോ മെച്ചപ്പെടുത്താനോ സാധിച്ചിട്ടില്ല. പാര്‍ട്ടിക്ക് രണ്ട് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്‍റുമാരുണ്ട്, അവരുടെ പ്രവര്‍ത്തനം സ്വന്തം ജില്ലകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പ്രതിമാസ ഏകോപന യോഗങ്ങള്‍ നടക്കുന്നില്ല, പുതിയ പിസിസി മേധാവി പതിവായി ഓഫീസിലേക്ക് വരുന്നില്ല. ജില്ലാതല നേതാക്കളുമായി യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല. ഇതെല്ലാം ഒരു പാര്‍ട്ടിയുടെ വിനാശത്തിന്‍റെ വഴിയാണ് തുറക്കുന്നത്. സംസ്ഥാന നേതാവ് ‘ സ്ലിപ്പ് സിസ്റ്റം ‘അവതരിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണം, അപ്പോള്‍ പേര് സ്ലിപ്പില്‍ എഴുതപ്പെടും. പിന്നീട് അദ്ദേഹം സമ്മതിച്ചാല്‍ മാത്രം അദ്ദേഹത്തെകാണാന്‍ കഴിയൂ- പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു നേതാവ് പറയുന്നു. നേതാക്കളുടെ കാര്യം ഇങ്ങനെയാണ് , പിന്നെങ്ങനെ പ്രവര്‍ത്തകര്‍ക്ക് നേതാവിനെ കാണാന്‍ കഴിയും?
ദലിത് നേതാവായ സൈലജനാഥ് ജനുവരിയില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. കിരണ്‍ കുമാര്‍ റെഡ്ഡിയുടെ സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം 2014 ന് മുമ്പുള്ള ആന്ധ്രാപ്രദേശില്‍ ശക്തമായ ശബ്ദമായിരുന്നു. എന്നിരുന്നാലും, 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തിനുശേഷം പ്രവര്‍ത്തനരംഗത്ത് ഊര്‍ജ്വസ്വലനായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അടിമുടി മാറ്റാന്‍ പോകുകയാണെന്നും അടുത്തമാസത്തിനുള്ളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ‘സൈലജനാഥ് പറയുന്നു. എന്‍. രഘുവീര റെഡ്ഡി ആയിരുന്നു സൈലജനാഥിന്‍റെ മുന്‍ഗാമി. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം തല്‍സ്ഥാനം രാജിവെക്കുകയായിരുന്നു. അതിനുശേഷം, ഏകദേശം എട്ട് മാസത്തോളം ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ നടപടി തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഉപേക്ഷാമനോഭാവമാണ് പുറത്തുകാട്ടിയത്.
സൈലജനാഥിന്‍റെ നിയമനത്തോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നതനുസരിച്ച്, ഒരു ദലിത് നേതാവിന്‍റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ പലരും തയ്യാറാകാത്തതിനാല്‍ ജാതി സമവാക്യങ്ങളും നിലവില്‍ വന്നു. കൂടാതെ സൈലജനാഥ് സംസ്ഥാനത്തെ അറിയപ്പെടുന്ന മുഖവുമല്ല. മുമ്പ് കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം രണ്ടുതവണ എംഎല്‍എ കൂടിയാണെങ്കിലും പിസിസി മേധാവിക്ക് പിന്തുണയില്ലെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
യുവ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടി ഒരു പരിശീലന പരിപാടികളും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍ ആരോപിക്കുന്നു. ചലനാത്മകമല്ലാത്ത ജില്ലാതല നേതൃത്വം,യുവജന പ്രവര്‍ത്തകരെ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് പലപ്പോഴും തടയുന്നുമുണ്ട്. ഇത് പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചു. ‘ബിജെപിയെ നോക്കുക, അവര്‍ അവരുടെ പ്രവര്‍ത്തകര്‍ക്കായി പതിവായി പരിശീലന പരിപാടികള്‍ നടത്തുകയും അവരുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒന്നും കോണ്‍ഗ്രസില്‍ നടക്കുന്നില്ല. പ്രവര്‍ത്തകരില്‍ പകുതിപ്പേര്‍ക്കും കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം എന്താണെന്ന് അറിയില്ല”മുതിര്‍ന്ന എന്‍എസ്യുഐ അംഗം പറഞ്ഞു. പണം ഒരു പ്രശ്നമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പല പ്രധാന വിഷയങ്ങളിലും പ്രതിപക്ഷമെന്ന നിലയില്‍ മുദ്രകുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി അനുവദിക്കുക, വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരിക്കല്‍ തുടങ്ങിയവയെല്ലാം കോണ്‍ഗ്രസിന് ഏറ്റെടുക്കാവുന്ന വിഷയങ്ങളായിരുന്നു. സംസ്ഥാനത്ത് സാന്നിധ്യമില്ലാത്ത ബിജെപിക്കുപോലും സംസ്ഥാനത്തെ ക്ഷേത്ര ആക്രമണ വിഷയം ഏറ്റെടുത്ത് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കേന്ദ്രത്തിലെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പ്രത്യേക സംസ്ഥാനമായ തെലങ്കാനയുടെ ആവശ്യം നിറവേറ്റിയതെങ്കിലും പാര്‍ട്ടി അത് മുതലെടുക്കുന്നതില്‍ പരാജയപ്പെട്ടു. തെലങ്കാനയില്‍ പുതിയ സംസ്ഥാന രൂപീകരണത്തിന്‍റെ എല്ലാ ക്രെഡിറ്റും കെ. ചന്ദ്രശേഖര്‍ റാവു ഏറ്റെടുത്തു. കൂടാതെ ആന്ധാപ്രദേശില്‍ വൈഎസ്ആര്‍സിപിയുടെ പിറവിയും മുന്നേറ്റവും കോണ്‍ഗ്രസിനെ നിലംപരിശാക്കി. ജഗന്‍ മോഹന്‍ റെഡ്ഡിയെ കോണ്‍ഗ്രസ് പരിഗണിക്കാതെ വിട്ടത് അവര്‍ക്കു തന്നെ തിരിച്ചടിയായി. 2014മുതല്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പാര്‍ട്ടിയുടെ വോട്ട് വിഹിതം 2009 ല്‍ 38.95 ശതമാനത്തില്‍ നിന്ന് 2014 ല്‍ 11.5 ശതമാനമായി കുറഞ്ഞു. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വെറും 1.17 ശതമാനം വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടയുടെ 1.28 ശതമാനത്തേക്കാള്‍ കുറവാണ്. ഇതിനുള്ള കാരണങ്ങള്‍ പാര്‍ട്ടി പുനപരിശോധിക്കേണ്ടതാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്‍റെ ശക്തിദുര്‍ഗമായിരുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഈ സ്ഥിതി വരാനുണ്ടായ സാഹചര്യങ്ങള്‍ പഠിച്ച് പരിഹാരങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ സമാനമായ സംഭവങ്ങള്‍ മറ്റുപല പ്രദേശങ്ങളിലേക്കും വ്യാപിക്കും. അടുത്തതെരഞ്ഞെടുപ്പിനായി പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തുന്ന കോണ്‍ഗ്രസ് ആദ്യം ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.