മെയ്ക്ക് ഇന്‍ ഇന്ത്യ : ഡിആര്‍ഡിഒ വികസിപ്പിക്കും ആന്‍റി ഡ്രോണ്‍ സാങ്കേതികവിദ്യ
1 min read- ആന്‍റി ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിആര്‍ഡിഒയെന്ന് അമിത് ഷാ
- സുരക്ഷയ്ക്ക് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളെന്നും ആഭ്യന്തര മന്ത്രി
- അടുത്തിടെയാണ് ജമ്മു എയര്‍ബേസില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്
ന്യൂഡെല്‍ഹി: തദ്ദേശീയമായ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ആന്‍റി ഡ്രോണ്‍ സംവിധാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ മുഖ്യ പരിഗണനയാണ് നല്‍കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ സാങ്കേതികതയില്‍ അധിഷ്ഠിതമായ ആന്‍റി ഡ്രോണ്‍ സംവിധാനം വികസിപ്പിക്കുന്നതിന് ഡിആര്‍ഡിഒ കഠിനമായി ശ്രമിച്ചുവരികയാണെന്നും അമിത് ഷാ പറഞ്ഞു.
ബിഎസ്എഫിന്‍റെ പതിനേഴാമത് ഇന്‍വെസ്റ്റിറ്റ്യൂര്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്‍റെ ഭാവിയെന്നു അമിത് ഷാ വ്യക്തമാക്കി. ആന്‍റി ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടന്നുവരികയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷയ്ക്ക് കൃത്രിമ ബുദ്ധി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ബോര്‍ഡര്‍ ഫെന്‍സിംഗുമായി ബന്ധപ്പെട്ട എല്ലാ വിടവുകളും 2022 ആകുമ്പോഴേക്കും നികത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
ജമ്മുവിലെ ഇന്ത്യന്‍ എയര്‍ ഫേഴ്സ് ബെയ്സില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെയാണ് തദ്ദേശീയമായി കൗണ്ടര്‍ ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് അമിത് ഷാ പറയുന്നത്. ജൂണ്‍ 27നായിരുന്നു ജമ്മുവിലെ എയര്‍ബെയ്സില്‍ ഡ്രോണ്‍ ആക്രമണമുണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മയക്കുമരുന്ന് കള്ളക്കടത്ത്, ആയുധ കള്ളക്കടത്ത്, സ്ഫോടക വസ്തുക്കള്‍ കടത്തല്‍ തുടങ്ങിയവയ്ക്ക് ടണലുകളും ഡ്രോണുകളും ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളികളാണ്. എത്രയും വേഗത്തില്‍ തന്നെ ഈ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കേണ്ടതുണ്ട്. സ്വദേശി മന്ത്രവുമായി തന്നെ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ കാക്കാന്‍ നമുക്കാകുമെന്നാണ് എന്‍റെ പ്രതീക്ഷ-അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തിന്‍റെ പരമാധികാരം ചോദ്യം ചെയ്യുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി സുരക്ഷ എന്നാല്‍ ദേശീയ സുരക്ഷയാണ്. അതിര്‍ത്തിയില്‍ ഉയരുന്ന വെല്ലുവിളികള്‍ മനസിലാക്കിയാണ് സൈന്യം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ ശക്തിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് പ്രതിരോധ സേനയ്ക്ക് ആവശ്യമായ പ്രത്യേക നയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും നരേന്ദ്രമോദി പ്രത്യേക പ്രതിരോധ നയം തയ്യാറാക്കിയതിന് ശേഷം ഇന്ത്യയുടെ അതിര്‍ത്തികളേയും പരമാധികാരത്തേയും ആര്‍ക്കും വെല്ലുവിളിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.