കാര്‍ഷിക നിയമം: മോദി സര്‍ക്കാരിനെ ചോദ്യം ചെയ്ത് സമാജ്‌വാദി പാര്‍ട്ടി
ലക്‌നൗ: കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്ക് മാറ്റിവയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോദ്യം ചെയ്തു. നിയമങ്ങള്‍ നടപ്പാക്കുന്നത് അടുത്ത ഒന്നരവര്‍ഷത്തേക്ക് മാറ്റിവയ്ക്കാനുള്ള നിര്‍ദേശം യുക്തിരഹിതവും യുക്തിസഹമല്ലാത്തതുമാണ്. നടപ്പാക്കുന്നത് മാറ്റിവച്ചാല്‍ നിയമത്തിന് ശേഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എങ്ങനെ മാറുമെന്നും അഖിലേഷ് ചോദിച്ചു.
‘ഈ നീക്കത്തിലൂടെ സര്‍ക്കാരിനെതിരായി വളരുന്ന ജനവികാരത്തെ.ചെറുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പാക്കും. അത് വന്‍കിട വ്യവസായികള്‍ക്കാകും പ്രയോജനം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കുവേണ്ടി പാര്‍ട്ടി നേതാക്കളുടെയും തൊഴിലാളികളുടെയും റിപ്പബ്ലിക് ദിനാഘോഷം സമര്‍പ്പിക്കാന്‍ അഖിലേഷ് നിര്‍ദ്ദേശം നല്‍കി.
റിപ്പബ്ലിക് ദിനത്തില്‍ താലൂക്ക് തലത്തില്‍ ദേശീയപതാക ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ ത്രിവര്‍ണ പതാകയുമായി ട്രാക്ടറുകളിലെത്തണം. ട്രാക്ടര്‍ റാലികള്‍ നടത്തുന്നതിലൂടെ, എസ്പി പ്രവര്‍ത്തകരും നേതാക്കളും പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ വീണ്ടും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കരിമ്പ് കര്‍ഷകരുടെ കുടിശിക തീര്‍ക്കുന്നതിലെ കാലതാമസം, വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കല്‍ തുടങ്ങി യോഗിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും സമാജ് വാദി പാര്‍ട്ടി നേതാവ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.