ഇന്ത്യന്‍- ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്ന് കരസേന
1 min readന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മില്‍ പുതിയ ഏറ്റുമുട്ടലുണ്ടായതായി എന്നുള്ള റിപ്പോര്‍ട്ടുകള്‍ കരസേന നിഷേധിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായ കരാറിനുശേഷം സൈന്യം പിന്മാറിയ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഇരുപക്ഷവും ശ്രമിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈനികര്‍ പലയിടത്തും യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) കടന്നതായും ഇരുപക്ഷവും തമ്മില്‍ ഒരു ഏറ്റുമുട്ടലുണ്ടായതായും പുറത്തുവന്ന വാര്‍ത്തകളെ ത്തുടര്‍ന്നാണ് സേനയുടെ വിശദീകരണം.
കിഴക്കന്‍ ലഡാക്കില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ തുടരുകയാണെന്നും എല്‍എസിയില്‍ അതത് പ്രദേശങ്ങളില്‍ സ്ഥിരമായി പട്രോളിംഗ് തുടരുന്നുണ്ടെന്നും കരസേന അറിയിച്ചു. 2020 ജൂണ്‍ മുതല്‍ ഗാല്‍വാനിലോ മറ്റേതെങ്കിലും പ്രദേശങ്ങളിലോ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സൈനികരുടെ മാറ്റങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ആണ് ഇരുരാജ്യങ്ങളും ലഡാക്ക് മേഖലയില്‍ മുഖാമുഖം നിലയുറപ്പിച്ചത്.
മാര്‍ച്ചില്‍ ഇന്ത്യയും ചൈനയും തര്‍ക്കവിഷയമായ പാംഗ്സോ പ്രദേശത്ത് നിന്ന് പിന്മാറിയതിനുശേഷം കൂടുതല്‍ മുന്നേറ്റങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല.സൈനിക, നയതന്ത്ര തലങ്ങളില്‍ പലതവണ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ പുരോഗതി കൈവരിക്കാനായത്. എന്നാല്‍ ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര പോസ്റ്റ്, ഡെപ്സാങ് സമതലങ്ങളില്‍നിന്ന് പിന്മാറാന്‍ ചൈന വിസമ്മതിച്ചു. പാംഗ്സോയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടും പ്രദേശത്ത് പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. എല്‍എസിയുടെ ഭാഗത്ത് ചൈന സൈനികരെയും ഉപകരണങ്ങളും കൂടുതല്‍ വിന്യസിക്കുന്നു. ഇന്ത്യയും ആനുപാതികമായി ഇവിടെ ശക്തി വര്‍ധിപ്പിക്കുന്നു. സൈനികര്‍ തമ്മില്‍ ചെറിയ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്, അവര്‍ വളരെ അടുത്തായിരിക്കുമ്പോഴാണ്.എന്നാല്‍ ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറില്ല. എന്തെങ്കിലും തര്‍ക്കങ്ങളുണ്ടായാല്‍ പ്രാദേശിക തലത്തില്‍ സബോര്‍ഡിനേറ്റ് കമാന്‍ഡര്‍മാര്‍ ഇവയെ ഉടനടി നിയന്ത്രണവിധേയമാക്കുന്നുണ്ട്. കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കില്‍ ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ഗ്രാമീണര്‍ക്കെതിരെ ഈ ആഴ്ച ആദ്യം ചൈനീസ് പൗരന്മാര്‍ സിന്ധു നദിക്ക് കുറുകെ ബാനറുകള്‍ പ്രദര്‍ശിപ്പിച്ച് പ്രതിഷേധിച്ചതായി പത്രവാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇന്ത്യയും ചൈനയും കഴിഞ്ഞമാസം നടത്തിയ ചര്‍ച്ചയില്‍ അടുത്ത ഘട്ട സൈനിക ചര്‍ച്ചകള്‍ നേരത്തെ തന്നെ നടത്താന്‍ സമ്മതിച്ചിരുന്നു.ശേഷിക്കുന്ന സംഘര്‍ഷ പ്രദേശങ്ങളിലെ തര്‍ക്കം ഒഴിവാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. എല്‍എസിയിലെ എല്ലാ സംഘര്‍ഷ പോയിന്‍റുകളില്‍ നിന്നും പൂര്‍ണമായും പിന്മാറുക എന്നതാണ് ആത്യന്തിക ലക്ഷ്യം.കഴിഞ്ഞ മാസം, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെ മുന്നണി പോസ്റ്റുകള്‍ സന്ദര്‍ശിച്ചിരുന്നു.