Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനി ഒക്റ്റോബറില്‍ ഏറ്റെടുക്കും

1 min read
  • ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി അദാനി മാറി
  • കഴിഞ്ഞ ദിവസമാണ് മുംബൈ വിമാനത്താവളം അദാനി ഏറ്റെടുത്തത്
  • തിരുവനന്തപുരം ഉള്‍പ്പടെയുള്ള മൂന്ന് വിമാനത്താവളങ്ങള്‍ ഒക്റ്റോബറോടെ ഏറ്റെടുക്കും

മുംബൈ: ജയ്പൂര്‍, തിരുവനന്തപുരം, ഗുവാഹത്തി എയര്‍പോര്‍ട്ടുകള്‍ ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പിന് മൂന്ന് മാസത്തെ സമയം കൂടി ലഭിച്ചു. ഒക്റ്റോബര്‍ മാസത്തോടെ അദാനി ഈ വിമാനത്താവളങ്ങളുടെ ചുമതല ഏറ്റെടുക്കുമെന്നാണ് വിവരം. കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് ആറ് മാസത്തെ സമയം അദാനി കൂടുതല്‍ ചോദിച്ചിരുന്നു.

അതേസമയം മുംബൈ എയര്‍പോര്‍ട്ടിന്‍റെ ചുമതല അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം ഏറ്റെടുത്തു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി അദാനി മാറി.

  അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവെലിന് വര്‍ക്കലയില്‍ തുടക്കം

എയര്‍പോര്‍ട്ട് ബിസിനസിന്‍റെ നടത്തിപ്പിനായി അദാനി ഗ്രൂപ്പ് തലവനും ശതകോടീശ്വര സംരംഭകനുമായ ഗൗതം അദാനി 7,400 കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമത്തിലാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മുംബൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ നിലവിലെ കടം റീഫൈനാന്‍സ് ചെയ്യാനാണ് വായ്പ എടുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബാര്‍ക്ലേസ് പിഎല്‍സി, ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ തുടങ്ങിയ സ്ഥാപനങ്ങള്‍ വായ്പയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അദാനിയുടെ പട്ടികയിലുണ്ട്. ഡ്യൂട്ട്ഷെ ബാങ്ക് എജിയെയും അദാനി സമീപിച്ചിട്ടുണ്ട്. 80 ബില്യണ്‍ രൂപയാണ് വിമാനത്താവളത്തിന്‍റെ കടം. ജിവികെ ഗ്രൂപ്പില്‍ നിന്നാണ് മുംബൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

  കേരളത്തിലെ ഉത്സവാഘോഷങ്ങളടങ്ങിയ ഡിജിറ്റല്‍ ഇവന്‍റ് കലണ്ടര്‍

അതുപോലെ തന്നെ ഗ്രൂപ്പിന്‍റെ എയര്‍പോര്‍ട്ട് ബിസിനസ് ഹോള്‍ഡിംഗ് കമ്പനിയില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുകയുമാണ്. 25500-29200 കോടി രൂപയുടെ ഐപിഒയാണ് അദാനി എയര്‍പോര്‍ട്ട്സ് പദ്ധതിയിടുന്നത്.

കല്‍ക്കരി ഖനനം, തുറമുഖങ്ങള്‍, ഊര്‍ജ പ്ലാന്‍റുകള്‍ തുടങ്ങിയ പരമ്പരാഗത ബിസിനസുകളില്‍ നിന്ന് എയര്‍പോര്‍ട്ട് ബിസിനസിലേക്ക് കാര്യമായി ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമത്തിലാണ് അദാനി. 2019ലാണ് അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് ബിസിനസിലേക്ക് പ്രവേശിക്കുന്നത്. ലക്ക്നൗ, അഹമ്മദാബാദ്, തിരുവനന്തപുരം, മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി തുടങ്ങിയ ആറ് വിമാനത്താവളങ്ങളെ ആധുനികവല്‍ക്കരിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്ന കരാര്‍ ഏറ്റെടുത്തായിരുന്നു തുടക്കം.

  കേരളത്തിലെ ഉത്സവാഘോഷങ്ങളടങ്ങിയ ഡിജിറ്റല്‍ ഇവന്‍റ് കലണ്ടര്‍

ഈ ആറ് മേഖല എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈ എയര്‍പോര്‍ട്ടും അദാനിയാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ വിമാനയാത്രികരില്‍ 10 ശതമാനവും സഞ്ചരിക്കുന്നത് അദാനി നിയന്ത്രിക്കുന്ന എയര്‍പോര്‍ട്ടുകളിലൂടെയാണെന്നതും ശ്രദ്ധേയമാണ്.

ബിസിനസുകള്‍ വേര്‍തിരിച്ച് സ്വതന്ത്രമാക്കുന്ന പദ്ധതി അദാനി മുമ്പും നടപ്പാക്കിയിട്ടുണ്ട്. അദാനി ഗ്രീന്‍, അദാനി പവര്‍ ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം വച്ച് ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

ഏഷ്യയിലെ അതിസമ്പന്നരില്‍ രണ്ടാമനായ അദാനിയുടെ സമ്പത്തില്‍ പോയ വര്‍ഷമുണ്ടായത് 500 ശതമാനത്തിന്‍റെ വര്‍ധനയാണ്. ബില്യണയേഴ്സ് പട്ടികയിലെ ഏറ്റവും പുതിയ കണക്ക് പ്രകാരം അദാനിയുടെ സമ്പത്ത് 67 ബില്യണ്‍ ഡോളര്‍ പിന്നിടുകയും ചെയ്തു.

Maintained By : Studio3