ജൂണ്‍ റിപ്പോര്‍ട്ട് മൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്
1 min readന്യൂഡെല്‍ഹി: ജൂണ്‍ മാസത്തില്‍ രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം,12.07 ശതമാനമായി രേഖപ്പെടുത്തി. പണപ്പെരുപ്പ നിരക്ക് മുന്‍മാസത്തെ അപേക്ഷിച്ച് കുറയുകയാണ് ഉണ്ടായത്. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. മേയില്‍ 12.94 ശതമാനമായിരുന്നു വാര്‍ഷിക പണപ്പെരുപ്പം. 2020 ജൂണില്‍ പണപ്പെരുപ്പ നിരക്ക് (-) 1.81 ശതമാനമായിരുന്നു.
ജൂണിലെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിന് പ്രധാന കാരണം മുന്‍ വര്‍ഷം ജൂണുമായുള്ള താരതമ്യത്തിലെ കുറഞ്ഞ അടിത്തറയും മിനറല്‍ ഓയിലുകളുടെ വിലക്കയറ്റവുമാണ്. പെട്രോള്‍, ഡീസല്‍ (എച്ച്എസ്ഡി), നാഫ്ത, എടിഎഫ്, ചൂള എണ്ണ തുടങ്ങിയവയുടെ വില വര്‍ധിച്ചു.
അടിസ്ഥാന ലോഹങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, രാസ ഉല്‍പ്പന്നങ്ങള്‍ മുതലായവയുടെ വിലയും കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ വ്യാപനം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി പൂട്ടിയിട്ടതാണ് ലോ ബേസ് ഇഫക്റ്റിന് കാരണം.
ജൂണിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 6.26 ആണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് സിപിഐ പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തുന്നത്.