സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായപദ്ധതിയുമായി എഡബ്ല്യുഎസ്
ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ
ബെംഗളൂരു: ആമസോണിന്‍റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) ഇന്ത്യയില്‍ ‘എഡബ്ല്യുഎസ് പബ്ലിക് സെക്ടര്‍ സ്റ്റാര്‍ട്ടപ്പ് റാമ്പ്’ പദ്ധതി ആരംഭിച്ചു. പൊതുമേഖലയെ കേന്ദ്രീകരിച്ച് സൊലൂഷനുകള്‍ ലഭ്യമാക്കുന്ന പ്രാരംഭ ഘട്ട ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനുള്ള ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
ദേശീയ സര്‍ക്കാര്‍, പ്രാദേശിക സര്‍ക്കാര്‍, ബഹിരാകാശ മേഖല, പ്രതിരോധം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വൈവിധ്യമാര്‍ന്ന പൊതുമേഖലാ ഉപഭോക്താക്കള്‍ക്കായി, നൂതനമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ മുന്നോട്ടുപോകുന്നതിന് ആഗോള തലത്തില്‍ തന്നെ നടപ്പാക്കുന്ന പദ്ധതിയാണ് എഡബ്ല്യുഎസ് സ്റ്റാര്‍ട്ടപ്പ് റാമ്പ് എന്ന് കമ്പനി പറഞ്ഞു.
വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ട് തലങ്ങളില്‍ എഡബ്ല്യുഎസ് സ്റ്റാര്‍ട്ടപ്പ് റാമ്പില്‍ ചേരുന്നതിന് അപേക്ഷിക്കാം. വരുമാനം ലഭ്യമായി തുടങ്ങുന്നതിനു മുമ്പുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നൊവേറ്റര്‍ നിരയിലേക്ക് അപേക്ഷിക്കാം. വരുമാനം ലഭ്യമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് (100 കോടി ഡോളര്‍ വരെ വരുമാനം) മെംബര്‍ വിഭാഗത്തില്‍ അപേക്ഷിക്കാം. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്, പൊതുമേഖലാ ഉപഭോക്താക്കള്‍ക്കുള്ള അവയുടെ സംഭാവനകളെ അടിസ്ഥാനമാക്കി സഹായങ്ങള്‍ ലഭ്യമാക്കും.