ആമസോണ്‍ സ്‌മോള്‍ ബിസിനസ് ഡേയ്‌സില്‍ റെക്കോര്‍ഡ് വില്‍പ്പന
ജൂലൈ 2 മുതല്‍ 4 വരെ നടന്ന ത്രിദിന വില്‍പ്പനയില്‍ 84,000 ഓളം വ്യാപാരികള്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചു
ന്യൂഡെല്‍ഹി: കൊവിഡ് 19 രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് വ്യാപാരികളെ പ്രാപ്തരാക്കാന്‍ ആമസോണ്‍ സ്‌മോള്‍ ബിസിനസ് ഡേയ്‌സ് സംഘടിപ്പിച്ചു. ജൂലൈ 2 മുതല്‍ 4 വരെ നടന്ന ത്രിദിന വില്‍പ്പനയില്‍ 84,000 ഓളം വ്യാപാരികള്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചു. ഇവരില്‍ 68 ശതമാനം വ്യാപാരികളും കൊടക് (കര്‍ണാടക), ധോല്‍പ്പൂര്‍ (രാജസ്ഥാന്‍), ഏത (ഉത്തര്‍പ്രദേശ്), ഗിരിധ് (ജാര്‍ഖണ്ഡ്), ഉന (ഹിമാചല്‍ പ്രദേശ്), തിന്‍സൂകിയ (അസം) തുടങ്ങിയ നോണ്‍ മെട്രോ നഗരങ്ങളില്‍ നിന്നുള്ളവരാണ്. 7500 വ്യാപാരികള്‍ക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വ്യാപാരം നേടാനായി. 2020 ഡിസംബറില്‍ സംഘടിപ്പിച്ച സ്‌മോള്‍ ബിസിനസ് ഡേയ്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ 2.8 മടങ്ങാണ് വര്‍ധന. ഒരു കോടി രൂപയില്‍ കൂടുതല്‍ വരുമാനം ലഭിച്ച വ്യാപാരികളുടെ എണ്ണത്തില്‍ ആറിരട്ടി വര്‍ധന പ്രകടമായി. ആയിരക്കണക്കിന് പ്രാദേശിക ഷോപ്പുകളാണ് വില്‍പ്പന മാമാങ്കത്തില്‍ പങ്കെടുത്തത്. ഇവയില്‍ 1700 എണ്ണം 23 സംസ്ഥാനങ്ങളിലെ 125 നഗരങ്ങളില്‍ നിന്നുള്ളവയാണ്. ഇവര്‍ക്കെല്ലാം ഓര്‍ഡര്‍ ലഭിച്ചു.
വ്യാപാരികള്‍, നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, ബ്രാന്‍ഡുകള്‍, വനിതാ സംരംഭകര്‍, കൈത്തറി തൊഴിലാളികള്‍, ലോക്കല്‍ ഷോപ്പുകള്‍ എന്നിവരുടെ തനതും വ്യത്യസ്തവുമായ ഉല്‍പ്പന്നങ്ങള്‍ക്ക് സ്‌മോള്‍ ബിസിനസ് ഡേയ്‌സില്‍ 23,000 പിന്‍കോഡുകളില്‍ താമസിക്കുന്ന ഉപയോക്താക്കളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചു. ഫുഡ് പ്രോസസറുകള്‍, ഓര്‍ഗാനിക് ഹണി, ലാപ്‌ടോപ് ടേബിളുകള്‍, വെയിംഗ് സ്‌കെയിലുകള്‍, ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍, യോഗാ മാറ്റുകള്‍, ഫേസ് മാസ്‌ക്കുകള്‍, ജാക്ക്ഫ്രൂട്ട് ഫ്‌ളോര്‍, ഒണിയന്‍ ബേസ്ഡ് ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്.
കൊവിഡ് 19 രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് രാജ്യം കരകയറാന്‍ ശ്രമിക്കുമ്പോള്‍, സ്‌മോള്‍ ബിസിനസ്സുകള്‍, ആര്‍ട്ടിസാന്‍സ്, വീവര്‍മാര്‍, വനിതാ സംരംഭകര്‍, ചെറുകിട ഓഫ്ലൈന്‍ ഷോപ്പുകള്‍ തുടങ്ങിയവയെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയാണ് ആമസോണ്‍ ചെയ്യുന്നതെന്ന് ആമസോണ്‍ ഇന്ത്യയുടെ എംഎസ്എംഇ ആന്‍ഡ് സെല്ലിംഗ് പാര്‍ട്ണര്‍ എക്‌സ്പീരിയന്‍സ് ഡയറക്റ്റര്‍ പ്രണവ് ഭാസിന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് സ്‌മോള്‍ ബിസിനസ് ഡേയ്‌സ് സംഘടിപ്പിച്ചത്. ഒരു ദിവസ ഇവന്റില്‍നിന്ന് മാറി മൂന്ന് ദിവസമായി വര്‍ധിപ്പിച്ച് വ്യാപാരികള്‍ക്ക് കൂടുതല്‍ ബിസിനസ്സിനുള്ള അവസരമൊരുക്കിയെന്നും 1700 ചെറിയ പ്രാദേശിക ഷോപ്പുകള്‍ ഉള്‍പ്പെടെ 84000 ലധികം വ്യാപാരികള്‍ക്ക് ഇവന്റില്‍ ഒരു ഓര്‍ഡറെങ്കിലും ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമായും പലചരക്ക് കച്ചവടം ചെയ്യുന്ന തങ്ങള്‍ക്ക് സ്‌മോള്‍ ബിസിനസ് ഡേയ്‌സില്‍ 1.6 ഇരട്ടി വില്‍പ്പന നേടാന്‍ സാധിച്ചതായി ആലപ്പുഴയില്‍ സ്‌പൈസി കാര്‍ട്ടെ നടത്തുന്ന സുല്‍ത്താന ഷാനാസ് പറഞ്ഞു. സ്‌മോള്‍ ബിസിനസ് ഡേയ്‌സില്‍ ഉപയോക്താക്കളില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
ജൂലൈ 26, 27 തീയതികളിലായി ആമസോണ്‍ ആന്വല്‍ പ്രൈം ഡേ സംഘടിപ്പിക്കുമെന്ന് ഈയിടെയാണ് പ്രഖ്യാപിച്ചത്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് കൊവിഡ് രണ്ടാം തരംഗം ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് സഹായിക്കുകയാണ് ആമസോണ്‍. വ്യാപാരികള്‍, നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, ബ്രാന്‍ഡുകള്‍, വനിതാ സംരംഭകര്‍, ആര്‍ട്ടിസാന്‍സ്, വീവേഴ്‌സ്, ലോക്കല്‍ ഷോപ്പുകള്‍ തുടങ്ങി ലക്ഷക്കണക്കിന് വ്യാപാരികള്‍ പങ്കാളികളാകും.