ഒവൈസിയുടെ ദര്‍ഗ സന്ദര്‍ശനം; യുപിയില്‍ ബിജെപി-എസ്ബിഎസ്പി തര്‍ക്കം
1 min readലക്നൗ: അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദ്-ഉല്‍-മുസ്ലിമീന്‍ (എ.ഐ.ഐ.എം.എം) മേധാവി അസദുദ്ദീന്‍ ഒവൈസി ഗസ്നാവിഡ് ജനറല്‍ ഗാസി സയ്യാദ് സലാര്‍ മസൂദിന് പ്രണാമമര്‍പ്പിക്കാന്‍ ബഹ്റൈച്ചിലെ ദര്‍ഗ ഷെരീഫിലേക്കുള്ള യാത്ര പുതിയ വിവാദത്തിന് തുടക്കം കുറിച്ചു.വ്യാഴാഴ്ച വൈകുന്നേരമാണ് ഒവൈസി ദര്‍ഗ സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്‍റെ സന്ദര്‍ശനം ബിജെപിയും ഭഗിദാരി സങ്കല്‍പ് മോര്‍ച്ച ഘടകങ്ങളായ എഐഐഎമ്മും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും (എസ്.ബി.എസ്.പി) തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തിന് കാരണമായി.
എ.ഐ.ഐ.എം.എം,എസ്ബിഎസ്പി സഖ്യത്തിന്‍റെ നടപടി പിന്നോക്ക രാജ്ബാര്‍ സമുദായത്തെ അപമാനിക്കുന്നതാണെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അനില്‍ രാജ്ബാര്‍ പ്രഖ്യാപിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
‘പതിനൊന്നാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന മഹാരാജ സുഹെല്‍ദേവിനെ അപമാനിക്കുന്നതാണ് ഒവെയ്സിയുടെ ദര്‍ഗ സന്ദര്‍ശനം. എ.ഡി. 1034-ല്‍ ബഹ്റൈച്ചില്‍ നടന്ന യുദ്ധത്തില്‍ മഹാരാജ സുഹെല്‍ദേവ് മസൂദിനെ പരാജയപ്പെടുത്തി വധിച്ചതായാണ് പറയപ്പെടുന്നത്’ ബഹ്റൈച്ചിലെ ചിത്തൗരയില്‍ ഒരു സ്മാരകം പണിയുകയും പ്രതിമ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് സുഹെല്‍ദേവിന്‍റെ അഭിമാനം പുനഃസ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. മഹാരാജ സുഹെല്‍ദേവിനെ ബഹുമാനിക്കുന്ന ഹിന്ദു സമൂഹത്തിന്‍റെ വികാരത്തെ ഭഗിദാരി സങ്കല്‍പ് മോര്‍ച്ചയുടെ നേതാക്കള്‍ വേദനിപ്പിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീററ്റിലെ സര്‍ദാന നിയമസഭാ സീറ്റില്‍ നിന്നുള്ള ഭാരതീയ ജനതാ പാര്‍ട്ടി എംഎല്‍എ സംഗീത സോമും എ.ഐ.ഐ.എം.എം,എസ്ബിഎസ്പി സഖ്യനേതാക്കളായ ഒവെയ്സി, ഓം പ്രകാശ് രാജ്ഭര്‍ എന്നിവര കനത്ത ഭാഷയില്‍ വിമര്‍ശിച്ചു.
മഹാരാജാ സുഹെല്ദെവിന്‍റെയും സലാര്‍ മസൂദിന്‍റെയും വിഷയത്തില്‍ എ.ഐ.ഐ.എം.എം-എസ്ബിഎസ്പി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുവാന്‍ ബിജെപി ശ്രമിച്ചിരുന്നതായി ഓം പ്രകാശ് രജ്ഭര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നോക്കവിഭാഗങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് അവര്‍ ഭയപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.ഐ.എമ്മുമായി സഖ്യത്തിലാണ് എസ്.ബി.എസ്.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പിന്നോക്ക-മുസ്ലിം, ദലിത് ഐക്യത്തിനായി തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ സര്‍ക്കസിലെ തമാശക്കാരല്ല, റിംഗ് മാസ്റ്ററുകളാണ്, എല്ലാവരും ഞങ്ങളുടെ രാഗങ്ങള്‍ക്ക് നൃത്തം ചെയ്യും” എന്നും ഒവൈസി ബിജെപി നേതാക്കളെ തിരിച്ചടിച്ചു. അപ്രസക്തമായ പ്രശ്നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് തിരിച്ചടിയില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.