‘വണ്‍പ്ലസ് പാഡ്’ ടാബ്‌ലറ്റ് വരുന്നു
യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു
ന്യൂഡെല്‍ഹി: ‘വണ്‍പ്ലസ് പാഡ്’ ടാബ്‌ലറ്റ് വരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ ഇതുസംബന്ധിച്ച ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി. സ്മാര്‍ട്ട്‌ഫോണുകള്‍, ഫിറ്റ്‌നസ് ബാന്‍ഡുകള്‍, സ്മാര്‍ട്ട്‌വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ടിവികള്‍ തുടങ്ങിയ ടെക് മേഖലകളില്‍ ചൈനീസ് കമ്പനി ഇതിനകം സാന്നിധ്യമറിയിച്ചുകഴിഞ്ഞു. വണ്‍പ്ലസിന്റെ പുതിയ ഉല്‍പ്പന്ന നിര ടാബ്‌ലറ്റുകള്‍ ആയിരിക്കുമെന്നാണ് തോന്നുന്നത്. വണ്‍പ്ലസ് പാഡ് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ തല്‍ക്കാലം ലഭ്യമല്ല. ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമോയെന്നും അറിയില്ല.
പുതിയ ഉല്‍പ്പന്നത്തിന്റെ പേര് ‘വണ്‍പ്ലസ് പാഡ്’ ആയിരിക്കുമെന്ന് ട്രേഡ്മാര്‍ക്ക് അപേക്ഷ വ്യക്തമാക്കുന്നു. ടാബ്‌ലറ്റ് സംബന്ധിച്ച പ്രവര്‍ത്തനങ്ങളിലാണ് കമ്പനി എന്ന് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നു. ട്രേഡ്മാര്‍ക്ക് സംബന്ധിച്ച അപേക്ഷ ജൂലൈ ഒന്നിനാണ് വണ്‍പ്ലസ് ടെക്‌നോളജി ഷെഞ്‌ജെന്‍ സമര്‍പ്പിച്ചത്. പുതിയ ഡിവൈസ് വിപണിയിലെത്തുമ്പോള്‍ ‘വണ്‍പ്ലസ് പാഡ്’ എന്ന പേരുതന്നെ ഉപയോഗിക്കുമോയെന്നും വ്യക്തമല്ല.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നിരവധി ഉല്‍പ്പന്നങ്ങളാണ് വണ്‍പ്ലസ് വിപണിയിലെത്തിച്ചത്. സ്മാര്‍ട്ട്‌ഫോണുകളില്‍ തുടങ്ങി വയര്‍ലെസ് ഇയര്‍ഫോണുകള്‍, വെയറബിളുകള്‍, പവര്‍ ബാങ്കുകള്‍, വയര്‍ലെസ് ചാര്‍ജറുകള്‍, ടെലിവിഷനുകള്‍ തുടങ്ങിയവ പുറത്തിറക്കി. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വിവിധ ഡിവൈസുകളില്‍ സോഫ്റ്റ്‌വെയര്‍ അനുഭവം ക്രമപ്പെടുത്തുന്നതിനും വണ്‍പ്ലസിന്റെ ഓക്‌സിജന്‍ഒഎസ്, ഓപ്പോയുടെ കളര്‍ഒഎസ് എന്നിവ ലയിക്കുകയാണെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. വണ്‍പ്ലസ് 9ടി സ്മാര്‍ട്ട്‌ഫോണിനായി ‘കളര്‍ഒഎസ് 11 ഗ്ലോബല്‍’ ഉപയോഗിക്കുമെന്ന് ഈയിടെ വിവരം ചോര്‍ന്നു. വണ്‍പ്ലസിന്റെ ആഗോള ഉപയോക്താക്കള്‍ക്കായി എല്ലായ്‌പ്പോഴും ഒാക്‌സിജന്‍ഒഎസ് തുടരുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തു.