സാംസംഗ് ‘ഗാലക്‌സി അണ്‍പാക്ക്ഡ്’ ഇവന്റ് ഓഗസ്റ്റ് 11 ന് സംഘടിപ്പിക്കും
അഞ്ച് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു
സോള്‍: ഈ വര്‍ഷത്തെ സാംസംഗ് ‘ഗാലക്‌സി അണ്‍പാക്ക്ഡ്’ ഇവന്റ് ഓഗസ്റ്റ് 11 ന് സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ഇവന്റില്‍ അഞ്ച് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് ‘ഡിജിറ്റല്‍ ഡെയ്‌ലി’ എന്ന ദക്ഷിണ കൊറിയന്‍ പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാലക്‌സി സെഡ് ഫ്‌ളിപ് 3, ഗാലക്‌സി സെഡ് ഫോള്‍ഡ് 3 എന്നീ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളും ഗാലക്‌സി വാച്ച് 4, ഗാലക്‌സി വാച്ച് ആക്റ്റീവ് 4 എന്നീ സ്മാര്‍ട്ട്‌വാച്ചുകളും ഗാലക്‌സി ബഡ്‌സ് 2 എന്ന ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകളുമായിരിക്കും പുറത്തിറക്കുന്നത്.
ഓഗസ്റ്റ് 11 ന് ഓണ്‍ലൈനിലാണ് സാംസംഗിന്റെ വാര്‍ഷിക ‘ഗാലക്‌സി അണ്‍പാക്ക്ഡ്’ ഇവന്റ് സംഘടിപ്പിക്കുന്നത്. കൊറിയന്‍ സമയം രാത്രി 11 ന് (ഇന്ത്യന്‍ സമയം വൈകീട്ട് 7.30) ആരംഭിക്കുന്ന പരിപാടി സാംസംഗ് വെബ്‌സൈറ്റിലും ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ലൈവ്‌സ്ട്രീം ചെയ്യും. ഇവന്റ് ഇതുവരെ സാംസംഗ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലാണ് സാധാരണയായി സാംസംഗ് വലിയ ഇവന്റ് നടത്തുന്നത്.
വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഈ വര്‍ഷത്തെ സാംസംഗ് ‘ഗാലക്‌സി അണ്‍പാക്ക്ഡ്’ ഇവന്റിനെ വ്യത്യസ്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഗാലക്‌സി നോട്ട് സീരീസ് സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം അഞ്ച് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി സെഡ് ഫ്‌ളിപ് 3, ഗാലക്‌സി സെഡ് ഫോള്‍ഡ് 3 എന്നീ ഫോണുകളുടെ വില്‍പ്പന ഓഗസ്റ്റ് 27 ന് ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.