റെക്കോഡ് ചരക്കുനീക്കവുമായി സൗത്ത് സെന്‍ട്രല്‍ റെയ്ല്‍വേ
1 min readചരക്കുനീക്കം കോവിഡിനു മുന്‍പുള്ള കാലയളവിന് സമാനം
സെക്കന്ദരാബാദ്: 2021-22ലെ ആദ്യ പാദത്തില്‍ ഏറ്റവും മികച്ച ചരക്കുനീക്കം രേഖപ്പെടുത്തിയതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (എസ്സിആര്‍) മേഖല അറിയിച്ചു. 28.6 മെട്രിക് ടണ്‍ (എംടി) ചരക്കുനീക്കത്തിലൂടെ 2,478 കോടി രൂപയുടെ വരുമാനമാണ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നേടിയത്. റെയില്‍വേയുടെ കണക്കനുസരിച്ച്, ഈ പ്രകടനം കോവിഡിന് മുമ്പുള്ള സമയത്തിന് തുല്യമാണ്. ആദ്യ പാദത്തില്‍ റെയില്‍വേ ബോര്‍ഡ് നിശ്ചയിച്ച 27.5 മെട്രിക് ടണ്‍ ലക്ഷ്യത്തെ മറികടക്കാന്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേക്കായി.
2020 ആദ്യ പാദത്തിലെ 18.4 മെട്രിക് ടണ്‍ ചരക്ക് ലോഡിംഗുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്സിആര്‍ 55 ശതമാനം പുരോഗതി രേഖപ്പെടുത്തി. വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ 58 ശതമാനം പുരോഗതി നേടി. കോവിഡ് -19 അണുബാധയുടെ രണ്ടാം തരംഗത്തിന്‍റെ വെല്ലുവിളി കൂടി കണക്കിലെടുക്കുമ്പോള്‍, എസ്സിആര്‍ ടീമിന്‍റെ അശ്രാന്ത പരിശ്രമം മൂലം ചരക്ക് കയറ്റുന്നതില്‍ മേഖല നല്ല മുന്നേറ്റം കാണിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2021 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കല്‍ക്കരി ലോഡിംഗ് 14.3 മെട്രിക് ടണ്ണായി ഉയര്‍ന്നു, ഇത് 2020 ലെ ഇതേ പാദത്തേക്കാള്‍ 83 ശതമാനം കൂടുതലാണ്. അതുപോലെ തന്നെ കണ്ടെയ്നര്‍ ലോഡിംഗ് 88 ശതമാനം ഉയര്‍ന്ന് 0.49 മെട്രിക് ടണ്ണും സിമന്‍റ് ലോഡിംഗ് 73 ശതമാനം ഉയര്‍ന്ന് 7.8 മെട്രിക് ടണ്ണുമായി.
വാഗണുകളുടെ ലഭ്യതയ്ക്ക് ഈ മേഖല പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ആവശ്യകതയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനായെന്നും റെയ്ല്‍വേ ഉദ്യാഗസ്ഥര്‍ പറയുന്നു. ഒരു ദിവസം ശരാശരി 4,830 വാഗണുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് ശരാശരി 3,175 വാഗണുകള്‍ ആയിരുന്നു.