പുതിയ സംരംഭകരെ വളര്‍ത്താന്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഷോപ്‌സി ആപ്പ്
രാജ്യത്ത് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചത്
ന്യൂഡെല്‍ഹി: ഫ്‌ളിപ്കാര്‍ട്ട് ഷോപ്‌സി ആപ്പ് അവതരിപ്പിച്ചു. കൊവിഡ് 19 സമയത്ത് പ്രാദേശികമായി സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. ഇന്ത്യയിലെ വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ പ്ലാറ്റ്‌ഫോം എന്ന് വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് വ്യക്തമാക്കി. നിക്ഷേപം നടത്താതെ സ്വന്തം ഓണ്‍ലൈന്‍ ബിസിനസ് ആരംഭിക്കാന്‍ ഇതിലൂടെ കഴിയും. ഫ്‌ളിപ്കാര്‍ട്ടിന്റെ കാറ്റലോഗ് ഉപയോഗപ്പെടുത്താനും ഡെലിവറി ശൃംഖലകള്‍ സ്ഥാപിക്കുന്നതിനും വിശ്വാസ്യത, വേഗത എന്നിവ സംബന്ധിച്ച അടിസ്ഥാനസൗകര്യം ലഭിക്കുന്നതിനും പുതിയ പ്ലാറ്റ്‌ഫോം ഈ സംരംഭകരെ സഹായിക്കും. 2023 ഓടെ 25 ദശലക്ഷം ഓണ്‍ലൈന്‍ സംരംഭകരെ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
സ്വന്തം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഷോപ്‌സി ആപ്പില്‍ ഓരോരുത്തരും രജിസ്റ്റര്‍ ചെയ്യണമെന്ന് ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു. ഇതോടെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ വിവിധ വിഭാഗങ്ങളിലെ 15 കോടി ഉല്‍പ്പന്നങ്ങള്‍ ഈ സംരംഭകരുടെ മുന്നിലെത്തും. ഈ സംരംഭകര്‍ക്ക് തങ്ങള്‍ തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധ്യതയുള്ള ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളിലൂടെ ഷെയര്‍ ചെയ്യാം. ഈ ഉപയോക്താക്കള്‍ക്കായി സംരംഭകരാണ് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ഈ ഇടപാടുകളുടെ കമ്മീഷന്‍ സംരംഭകരുടെ പോക്കറ്റില്‍ വന്നുചേരും. വിവിധ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് അനുസരിച്ച് കമ്മീഷന്‍ ശതമാനത്തില്‍ വ്യത്യാസമുണ്ടായിരിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് വ്യക്തമാക്കി.
രാജ്യത്ത് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചതെന്ന് ഫ്‌ളിപ്കാര്‍ട്ട് ഗ്രോത്ത് ആന്‍ഡ് മോണിറ്റൈസേഷന്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് പ്രകാശ് സികാരിയ പറഞ്ഞു. വിശ്വസിക്കാവുന്ന വ്യക്തിയുമായുള്ള ആശയവിനിമയങ്ങളിലൂടെ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ കൊണ്ടുവരാന്‍ കഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഷോപ്‌സി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐഒഎസ് ഉപയോക്താക്കളുടെ കാര്യം വ്യക്തമല്ല.