സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാതെ പുതിയ വോള്‍വോ എസ്60 പുറത്തിറക്കി
ഇന്ത്യ എക്‌സ് ഷോറൂം വില 45.90 ലക്ഷം രൂപ
ന്യൂഡെല്‍ഹി: 2021 വോള്‍വോ എസ്60 സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 45.90 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയതായി വോള്‍വോ ഇന്ത്യ അറിയിച്ചു. മാര്‍ച്ച് മാസം മധ്യത്തോടെ പുതിയ ആഡംബര സെഡാന്‍ ഡെലിവറി ചെയ്തുതുടങ്ങും.
വോള്‍വോയുടെ സ്‌കെയിലബിള്‍ പ്രൊഡക്റ്റ് ആര്‍ക്കിടെക്ച്ചറിലാണ് (എസ്പിഎ) പുതിയ എസ്60 നിര്‍മിച്ചിരിക്കുന്നത്. യൂറോ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ പഞ്ചനക്ഷത്ര റേറ്റിംഗ് കരസ്ഥമാക്കിയിരുന്നു. നിരത്തുകളില്‍ ഏറ്റവും സുരക്ഷിത കാറുകളിലൊന്നായിരിക്കും പുതിയ എസ്60 എന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രംപ് അവകാശപ്പെട്ടു.
2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 187 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു. ഭാവിയില്‍ മറ്റൊരു എന്‍ജിന്‍ ഓപ്ഷന്‍ കൂടി നല്‍കിയേക്കും.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 9 ഇഞ്ച് ‘സെന്‍സസ്’ ടച്ച്‌സ്‌ക്രീന്‍ സവിശേഷതയാണ്. ഏഴ് എയര്‍ബാഗുകള്‍, സിറ്റി സേഫ്റ്റി അസിസ്റ്റ്, റണ്‍ ഓഫ് മിറ്റിഗേഷന്‍, ഓണ്‍കമിംഗ് ലെയ്ന്‍ മിറ്റിഗേഷന്‍, ഓട്ടോബ്രേക്ക് സാങ്കേതികവിദ്യ ഉള്‍പ്പെടെ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ നല്‍കി.
ഇന്ത്യയില്‍ ഈയിടെ അവതരിപ്പിച്ച ഔഡി എ4 ഫേസ് ലിഫ്റ്റ്, ബിഎംഡബ്ല്യു 3 സീരീസ്, മെഴ്‌സേഡസ് ബെന്‍സ് സി ക്ലാസ് എന്നിവയാണ് എതിരാളികള്‍.