ഡിപി വേള്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനിയായ സിന്‍ക്രിയോണിനെ ഏറ്റെടുത്തു
1 min read1.2 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ തുറമുഖ നടത്തിപ്പ് കമ്പനികളില്‍ ഒന്നായ ഡിപി വേള്‍ഡ് അമേരിക്ക ആസ്ഥാനമായ സിന്‍ക്രിയോണ്‍ ഹോള്‍ഡിംഗ്‌സിനെ 1.2 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തു. വിതരണ ശൃംഖലകള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് സിന്‍ക്രിയോണ്‍.
ഈ വര്‍ഷം രണ്ടാം പകുതിയോടെ ഇടപാട് പൂര്‍ക്കിയാകുമെന്നാണ് കരുതുന്നതെന്നും നിലവിലെ ലഭ്യമായ സ്രോതസ്സുകളില്‍ നിന്നും ഇടപാടിന് ആവശ്യമായ ഫണ്ടിംഗ് നേടുമെന്നും ഡിപി വേള്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
19 രാജ്യങ്ങളിലെ 91 കേന്ദ്രങ്ങളില്‍ സംഭരണകേന്ദ്ര നടത്തിപ്പ്, എക്‌സ്‌പോര്‍ട്ട് പാക്കേജിംഗ്, ഫുള്‍ഫില്‍മെന്റ് തുടങ്ങിയ സേവനങ്ങളാണ് സിന്‍ക്രിയോണ്‍ ലഭ്യമാക്കുന്നത്. വന്‍കിട ടെക് കമ്പനിതള്‍ക്ക് ഇ-കൊമേഴ്‌സ് സാധ്യമാക്കി കൊടുക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സംഭരണത്തിനുമാണ് സിന്‍ക്രിയോണ്‍ ഊന്നല്‍ നല്‍കുന്നത്. വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് വേണ്ട സേവനങ്ങളും കമ്പനി ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1.1 ബില്യണ്‍ ഡോളറാണ് സിന്‍ക്രിയോണ്‍ വരുമാനമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 57 ശതമാനവും യൂറോപ്പ്, പശ്ചിമേഷ്യ മേഖലകളില്‍ നിന്നും 42 ശതമാനം വടക്കന്‍ ആഫ്രിക്ക മേഖലയില്‍ നിന്നുമായിരുന്നു.
വൈവിധ്യാത്മക, ഏകീകൃത ലോജിസ്റ്റിക്‌സ് കമ്പനിയായി മാറുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ലോജിസ്റ്റിക്‌സ് രംഗത്തുള്ള നിരവധി കമ്പനികളെയാണ് ഡിപി വേള്‍ഡ് ഏറ്റെടുത്തത്. ലണ്ടന്‍, അന്റവെര്‍പ്, ആഫ്രിക്ക, റഷ്യ, ഇന്ത്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക ഉള്‍പ്പടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി നിരവധി തുറമുഖങ്ങളും സ്വതന്ത്ര മേഖലകളും ടിപി വേള്‍ഡിന് കീഴിലുണ്ട്. കടബാധ്യത വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ഡിപി വേള്‍ഡ് യുഎഇയിലെ ജാബെല്‍ അലി സ്വതന്ത്ര മേഖലയില്‍ നിക്ഷേപം നടത്താന്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതായി കഴിഞ്ഞിടെ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിന്‍ക്രിയോണ്‍ ഏറ്റെടുപ്പോടെ, ഈ വര്‍ഷം ഡിപി വേള്‍ഡ് പ്രഖ്യാപിച്ച ചരക്ക്‌നീക്ക, ലോജിസ്റ്റിക്‌സ് ഇടപാടുകളുടെ മൂല്യം 90 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. 2020ല്‍ നടത്തിയ ഇടപാടുകളുടെ മൂന്നിരട്ടി വരുമിതെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്.