പത്ത് കോടി യൂണിറ്റ് വില്‍പ്പന താണ്ടി ഐഫോണ്‍ 12 സീരീസ്
വിപണി അവതരണം നടത്തി ഏഴ് മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം
കുപ്പെര്‍ട്ടിനൊ, കാലിഫോര്‍ണിയ: ആഗോളതലത്തില്‍ ആകെ വിറ്റത് നൂറ് ദശലക്ഷം (പത്ത് കോടി) യൂണിറ്റ് ഐഫോണ്‍ 12 സീരീസ്. വിപണി അവതരണം നടത്തി ഏഴ് മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ആപ്പിള്‍ ഈ നാഴികക്കല്ല് താണ്ടിയത്. അതായത്, ഐഫോണ്‍ 11 സീരീസിനേക്കാള്‍ രണ്ട് മാസം വേഗത്തില്‍.
ഐഫോണ്‍ 6 മോഡലിനുശേഷം ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന ആപ്പിള്‍ സീരീസാണ് ഐഫോണ്‍ 12. എല്ലാ വകഭേദങ്ങളിലും 5ജി സപ്പോര്‍ട്ട് നല്‍കിയതാണ് ഐഫോണ്‍ 12 സീരീസ് ഇത്രയും വ്യാപകമായി സ്വീകരിക്കപ്പെടാന്‍ കാരണമെന്ന് കൗണ്ടര്‍പോയന്റ് റിസര്‍ച്ച് വിലയിരുത്തുന്നു. മാത്രമല്ല, നോണ്‍ പ്രോ വകഭേദങ്ങളിലും ഒഎല്‍ഇഡി ഡിസ്‌പ്ലേ നല്‍കിയിരുന്നു.
ഐഫോണ്‍ 12 മോഡലിന്റെ ടോപ് വേരിയന്റാണ് ഏറ്റവും കൂടുതല്‍ പേര്‍ താല്‍പ്പര്യപ്പെടുന്നത്. ഈ സീരീസിന്റെ ആകെ വില്‍പ്പനയുടെ 29 ശതമാനം സംഭാവന ചെയ്യുന്നത് ഐഫോണ്‍ 12 പ്രോ മാക്‌സ് വകഭേദമാണ്. ആപ്പിള്‍ ഫോണുകളുടെ എഎസ്പി (ശരാശരി വില്‍പ്പന വില) എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്.
ബോക്‌സിനകത്ത് ചാര്‍ജറും ഹെഡ്‌ഫോണുകളും നല്‍കുന്നില്ലെങ്കില്‍ പോലും വില്‍പ്പനയെ ഇതൊന്നും ബാധിക്കുന്നില്ല, കുറഞ്ഞപക്ഷം അമേരിക്കന്‍ വിപണിയിലെങ്കിലും. 2020 ഡിസംബര്‍ മാസത്തിനുശേഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഡിവൈസാണ് ഐഫോണ്‍ 12 പ്രോ മാക്‌സ് എന്ന് പറയപ്പെടുന്നു.
ഐഫോണ്‍ 11 സീരീസുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 12 സീരീസിനെ കൊവിഡ് മഹാമാരി കാര്യമായി ബാധിച്ചില്ലെന്ന് കൗണ്ടര്‍പോയന്റ് പ്രസ്താവിക്കുന്നു. വിപണി വിജയത്തിന്റെ മറ്റ് കാരണങ്ങളിലൊന്ന് ഇതാണ്. മാത്രമല്ല, മഹാമാരി കാരണം പുതിയ ഡിവൈസ് വാങ്ങുന്നത് വൈകിപ്പിച്ച ഉപയോക്താക്കള്‍ പിന്നീട് ഐഫോണ്‍ 12 സീരീസാണ് തെരഞ്ഞെടുത്തത്.