മഴക്കാലത്തെ ചെവി പ്രശ്‌നങ്ങള്‍: വേണ്ടത് ശുചിത്വവും കരുതലും
ഫംഗസ് ബാധ ഗുരുതരമായ ഒരു പ്രശ്‌നമല്ല. എന്നാല്‍ അത് അവഗണിക്കേണ്ട ഒന്നല്ലതാനും. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
ചെവിക്കുള്ളിലെ ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ മൂലം ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ട്. മഴക്കാലമെത്തിയതോടെ ചെവിക്കുള്ളിലെ അണുബാധയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അണുബാധയില്‍ നിന്ന് ചെവിയെ സംരക്ഷിക്കുന്നതിനായി ചെവികള്‍ വൃത്തിയാക്കി വെക്കുകയും കേള്‍വിക്കുറവ്, ചെവിക്കുള്ളിലെ വേദന, ചെവിയില്‍ നിന്നും വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
പൊതുവെ മഴക്കാലം എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും മഴക്കൊപ്പം എത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അത്ര സുഖമുള്ളതല്ല. പ്രത്യേകിച്ച്, ചെവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. മഴക്കാലമെത്തുന്നതോടെ പലര്‍ക്കും ചെവിക്കുള്ളില്‍ അണുബാധയും ആരംഭിക്കും. ആന്തരിക, മധ്യ കര്‍ണ്ണ മേഖലകളെയും എന്തിന് ബാഹ്യ കര്‍ണ്ണത്തെ വരെ അണുബാധ ബാധിച്ചേക്കും. മഴക്കാലത്ത് മഴവെള്ളവും മലിനജലവും ചെവിക്കുള്ളില്‍ കയറുന്നതാണ് ഫംഗസ് രോഗങ്ങളെ ചെവിക്കുള്ളിലേക്ക് ക്ഷണിച്ചുവരുത്തുന്ന പ്രധാന കാരണം. അതുപോലെ മഴക്കാലത്ത് ആര്‍ദ്രത വര്‍ധിക്കുന്നതും ബാക്ടീരിയക്കും ഫംഗസിനും വളരാന്‍ അനുയോജ്യമായ അന്തരീക്ഷമൊരുക്കും. ഇവ കൂടാതെ. ചെവിക്കുള്ളിലെ അഴുക്കും ഇയര്‍ ബഡ്‌സ് (ചെവി തോണ്ടി) കൊണ്ടുള്ള ചെറിയ പരിക്കുകളും അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. കോട്ടണ്‍ കൊണ്ടുള്ള ബഡ്‌സുകളില്‍ ഫംഗസ് ഉണ്ടാകാന്‍ ഇടയുണ്ട്. ഇവ ചെവിക്കുള്ളിലിട്ടാല്‍ അണുബാധ ഉണ്ടാകുമെന്നതില്‍ സംശയമില്ല.
ചെവിക്കുള്ളില്‍ തടസ്സം, ശ്രവണശേഷി കുറയല്‍, അസ്വസ്ഥത, ഏകാഗ്രതക്കുറവ്, ചൊറിച്ചില്‍, ചെവിക്കുള്ളില്‍ വേദന, ചെവിയില്‍ നിന്ന് വെള്ളം ഒലിക്കല്‍, തലചുറ്റല്‍, കടുത്ത തലവേദന, പനി എന്നിവയെല്ലാം ചെവിയിലെ അണുബാധയുടെ ലക്ഷണങ്ങളാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്, ഈ വര്‍ഷം മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചെവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് പൂണൈയിലെ അപ്പോളോ സ്‌പെക്ട്ര ആശുപത്രിയിലെ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ആയ ഡോ.പൂര്‍വ്വ പറയുന്നു. ദിവസവും കുറഞ്ഞത് എട്ട് പുതിയ രോഗികളെങ്കിലും ചെവി പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി എത്താറുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. ചെവിക്കുള്ളില്‍ കെട്ടിക്കിടക്കുന്ന അണുബാധയ്ക്ക് കാരണമാകുന്ന അഴുക്ക് നീക്കം ചെയ്യലാണ് അണുബാധ ഇല്ലാതാക്കാന്‍ ആദ്യം ചെയ്യേണ്ടത്. എന്നാല്‍ ബഡ്‌സ സ്വന്തമായി ചെയ്യുന്നതിന് പകരം, ഒരു ഡോക്ടറുടെ സഹായത്തോടെ വേണം അത് ചെയ്യാനെന്ന് ഡോ. പൂര്‍വ്വ പറയുന്നു. ഡോക്ടര്‍മാര്‍ ഇയര്‍ ഡ്രോപ്‌സ് (തുള്ളിമരുന്ന്) ഉപയോഗിച്ചാണ് ചെവിക്കുള്ളിലെ അഴുക്ക് അലിയിച്ച് കളഞ്ഞ് അണുബാധ ഇല്ലാതാക്കുന്നത്.
ബഡ്‌സോ മറ്റെന്തെങ്കിലുമോ ഇട്ട് ചെവി വൃത്തിയാക്കാമെന്ന ധാരണ അബദ്ധമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. അത്തരം വസ്തുക്കളെല്ലാം ചെവിക്ക് ദോഷം ചെയ്യും. അവയുടെ ഉപയോഗം മൂലം ചെവിയില്‍ അണുബാധയോ പരിക്കുകളോ ഉണ്ടാകാനിടയുണ്ട്. നീന്തലിന് ശേഷം ചെവിയുടെ പുറംഭാഗം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുന്നത് ഫംഗസ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. നനഞ്ഞ ഇയര്‍ഫോണുകള്‍ വൃത്തിയാക്കി ശരിക്കും ഉണങ്ങിയതിന് ശേഷം മാത്രം ചെവിയില്‍ വെക്കാവൂ. ബാക്ടീരികള്‍ ചെവിക്കുള്ളില്‍ കയറാന്‍ സാധ്യതയുള്ളതിനാല്‍ പഞ്ഞി ചെവിക്കുള്ളില്‍ തിരുകരുത്. കുളി കഴിഞ്ഞാല്‍ ഉണങ്ങിയ തുണി ഉപയോഗിച്ച് ചെവി തുടയ്ക്കണം. പാട്ട് കേള്‍ക്കാന്‍ ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ദിവസവും അവ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം. ചെവി വേദന പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഇഎന്‍ടി രോഗ വിദഗ്ധനെ കണ്ട് ഉപദേശം തേടണം. അണുബാധ ഉണ്ടായാല്‍ അത് ചികിത്സിച്ച് ഭേദമാക്കാന്‍ ഒരാഴ്ച വേണ്ടിവരും. എന്നിട്ടും ഭേദമായില്ലെങ്കില്‍ ഒരുപക്ഷേ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കും.
എല്ലാവര്‍ഷവും മണ്‍സൂണ്‍കാലത്ത് ചെവിക്കുള്ളിലെ ഫംഗസ് അണുബാധയ്ക്കും മറ്റ് അണുബാധകള്‍ക്കും ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്താറുണ്ട്. ചെവിക്കുള്ളിലെ അണുബാധയെ ഓട്ടോമൈക്കോസിസ് എന്നാണ് വിളിക്കുന്നത്. മഴക്കാലത്ത് ചെവിക്കുള്ളിലെ ഈര്‍പ്പം കൂടുന്നത് അണുബാധ സാധ്യത വര്‍ധിപ്പിക്കുന്നു. ചെവി വേദനയ്ക്ക് ചികിത്സ തേടുന്ന മിക്കവരുടെയും പ്രശ്‌നം ചെവിക്കുള്ളിലെ ഫംഗസ് അണുബാധയാണ്. അതേസമയം ഫംഗസ് അണുബാധ ഗുരുതരമായ ഒരു പ്രശ്‌നമല്ല. എന്നാല്‍ അത് അവഗണിക്കേണ്ട ഒന്നല്ലതാനും. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക. ഡോക്ടര്‍ മരുന്നുകളും ചെവിയില്‍ ഒഴിക്കാനുള്ള തുള്ളിമരുന്നും നല്‍കും. അഞ്ച് ദിവസം കൊണ്ട് ചെവിക്കുള്ളിലെ ഫംഗസ് പോയിരിക്കും.
മഴക്കാലത്ത് ചെവിക്കുള്ളില്‍ ഫംഗസ് അണുബാധ ഉണ്ടാകാതിരിക്കാന്‍ കുളി കഴിഞ്ഞാല്‍ ചെവി വൃത്തിയാക്കുകയും നനവ് പൂര്‍ണമായും ഒപ്പിയെടുക്കുകയും ചെയ്യുക. ഇയര്‍ ബഡ്‌സുകളുടെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തുക. മഴക്കാലത്ത് തണുത്ത പാനീയങ്ങള്‍ അധികമായി കുടിക്കുന്നതും ചെവിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. തണുത്ത പാനീയങ്ങള്‍ മൂലം തൊണ്ടയില്‍ അണുബാധ ഉണ്ടാകുകയും തൊണ്ടയെയും ചെവിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യൂസ്‌തേഷ്യന്‍ നാളിയില്‍ തടസ്സമുണ്ടാകുകയും ചെയ്യും. അങ്ങനെയും ചെവിക്കുള്ളില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ മഴക്കാലത്ത് തണുത്തതും പുളി കൂടുതലുള്ളതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്. മാത്രമല്ല തൊണ്ടയില്‍ അണുബാധ ഉള്ളപ്പോള്‍ ചായ, കാപ്പി, സൂപ്പ് തുടങ്ങിയ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ചെവിക്കുള്ളിലെ അണുബാധ സാധ്യത കുറയ്ക്കാം.