മാരുതി കാറുകള്‍ക്ക് 34,000 രൂപ വരെ വര്‍ധിച്ചു
ജനുവരി 18 ന് പുതിയ വില പ്രാബല്യത്തില്‍ വന്നു
ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വിവിധ മോഡലുകളുടെ വില വര്‍ധന എത്രയെന്ന് പ്രഖ്യാപിച്ചു. വിവിധ മോഡലുകളും അവയുടെ വേരിയന്റുകളും അനുസരിച്ച് 34,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. ജനുവരി 18 ന് പുതിയ വില പ്രാബല്യത്തില്‍ വന്നു. മോഡലുകളുടെ എക്‌സ് ഷോറും വിലയിലാണ് വര്‍ധന വരുത്തിയത്.
വില വര്‍ധിപ്പിക്കുകയാണെന്ന് കഴിഞ്ഞ മാസം മാരുതി സുസുകി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എത്രമാത്രം വര്‍ധിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഓള്‍ട്ടോ, വാഗണ്‍ആര്‍ മോഡലുകള്‍ക്ക് യഥാക്രമം 11,000 രൂപ വരെയും 23,000 രൂപ വരെയുമാണ് വില വര്‍ധിപ്പിച്ചത്. എസ്പ്രസ്സോ, സെലറിയോ, സ്വിഫ്റ്റ് മോഡലുകള്‍ക്ക് യഥാക്രമം 7,000 രൂപ വരെയും 15,000 രൂപ വരെയും 30,000 രൂപ വരെയും വര്‍ധിച്ചു.
ഡിസയര്‍, എര്‍ട്ടിഗ മോഡലുകള്‍ക്ക് യഥാക്രമം 12,000 രൂപ വരെയും 34,000 രൂപ വരെയും വര്‍ധിപ്പിച്ചു. വിറ്റാര ബ്രെസയുടെ വില 10,000 രൂപ വരെയാണ് വര്‍ധിച്ചത്. ഈക്കോയുടെ വിലയില്‍ 24,000 രൂപ വരെ വര്‍ധന വരുത്തി.