യുഎഇയിലെ റീട്ടെയ്ല്‍ ഇ-കൊമേഴ്‌സ് വിപണിയുടെ വലുപ്പം 2020ല്‍ 3.9 ബില്യണ്‍ ഡോളറിലെത്തി
1 min readകഴിഞ്ഞ വര്‍ഷത്തെ മൊത്തം റീട്ടെയ്ല്‍ വ്യാപാരത്തിന്റെ എട്ട് ശതമാനം ഇ-കൊമേഴ്‌സിലൂടെ ആയിരുന്നു
ദുബായ്: യുഎഇയിലെ റീട്ടെയ്ല്‍ ഇ-കൊമേഴ്‌സ് വിപണിയുടെ വലുപ്പം 2020ല്‍ 3.9 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 53 ശതമാനം അധികമാണിത്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം റീട്ടെയ്ല്‍ വ്യാപാരത്തിന്റെ എട്ട് ശതമാനം ഇ-കൊമേഴ്‌സിലൂടെ ആയിരുന്നുവെന്നും ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വിലയിരുത്തല്‍ വ്യക്തമാക്കുന്നു. 2025ഓടെ റീട്ടെയ്ല്‍ ഇ- കൊമേഴ്‌സ് വിപണിയുടെ വലുപ്പം 8 ബില്യണ്‍ ഡോളറിലെത്തുമെന്നും പഠനത്തില്‍ നിരീക്ഷണമുണ്ട്.
ഉയര്‍ന്ന വരുമാനം, മികച്ച ഇന്റെര്‍നെറ്റ് ഉപയോഗ നിരക്ക് (99 ശതമാനം), മെച്ചപ്പെട്ട ചരക്ക് ഗതാഗത ശൃംഖല, ആധുനികമായ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍, സാങ്കേതികകുതുകികളായ യുവജനത, സര്‍ക്കാരില്‍ നിന്നുള്ള മികച്ച പിന്തുണ എന്നീ ഘടകങ്ങള്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നാണ് പഠനത്തില്‍ പറയുന്നത്. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഉള്ള രാജ്യമാണ് യുഎഇ. രാജ്യത്തെ മൊബീല്‍ കൊമേഴ്‌സ് മേഖലയുടെ വലുപ്പം 2015ലെ 29 ശതമാനത്തില്‍ നിന്നും 2020ലെ 42 ശതമാനത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായതും രാജ്യത്തെ വര്‍ധിച്ച സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗമാണ്.
2020ല്‍ യുഎഇയിലെ റീട്ടെയ്ല്‍ മൊബീല്‍ കൊമേഴ്‌സ് മേഖലയുടെ മൂല്യം 1.6 ബില്യണ്‍ ഡോളറിലെത്തി. 2019നേക്കാള്‍ 56 ശതമാനം അധികമാണിത്. 2025ഓടെ രാജ്യത്തെ റീട്ടെയ്ല്‍ മൊബീല്‍ കൊമേഴ്‌സ് മേഖലയുടെ മൂല്യം 3.9 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതപ്പെടുന്നത്. 2020നും 2025നുമിടയില്‍ 18.9 ശതമാനത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ഈ രംഗത്തുണ്ടാകുക.
യുഎഇ, പ്രത്യേകിച്ച് ദുബായ് ആണ് പശ്ചിമേഷ്യയില്‍ ഇ-കൊമേഴ്‌സ് വളര്‍ച്ചയുടെ ഹബ്ബായി കരുതപ്പെടുന്നത്. യുഎഇ നാഷണല്‍ ഇക്കോണമിക് രജിസ്റ്ററില്‍ നിന്നുള്ള വിവരം അനുസരിച്ച് യുഎഇയിലെ ഇ-കൊമേഴ്‌സ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ (196) പുറപ്പെടുവിച്ചത് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ്.
സാധനങ്ങള്‍ വാങ്ങുമ്പോള്‍ ചില ഉപഭോക്താക്കള്‍ പണമിടപാടിന് മുന്‍തൂക്കം നല്‍കുന്നതാണ് യുഎഇയിലെ ഇ-കൊമേഴ്‌സ് വിപണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എങ്കിലും പകര്‍ച്ചവ്യാധിക്കാലത്ത് ആളുകള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ കോണ്ടാക്ട്‌ലെസ് ഇടപാടുകള്‍ സ്വീകരിച്ചതിനാല്‍ ഇതില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഉയര്‍ന്ന ചിലവുകള്‍ മൂലം ചില ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനികള്‍ സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്നുവെന്നതും ഈ മേഖലയുടെ പ്രതിസന്ധികളിലൊന്നാണ്. നിര്‍മാതാക്കളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പാക്ക് ചെയ്ത് ഉപഭോക്താവിന് എത്തിക്കുന്നതിനുള്ള ചിലവുകള്‍ക്ക് പുറമേ, ഉപഭോക്താക്കള്‍ സാധനങ്ങള്‍ തിരിച്ചയക്കുന്നതും ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു. സ്റ്റോറില്‍ ചെന്ന് നേരിട്ട് വാങ്ങുമ്പോള്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഉപഭോക്താക്കളാണ് സാധനങ്ങള്‍ തിരിച്ചയക്കുന്നതെങ്കില്‍ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ 15 മുതല്‍ 40 ശതമാനം വരെ ആളുകള്‍ സാധനങ്ങള്‍ തിരിച്ചയക്കുന്നു.