ഏപ്രിലില്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണത്തില്‍ ഇടിവ്
1 min readമൊത്തം ക്രെഡിറ്റ് കാര്‍ഡ് അടിത്തറ 8.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 62.3 ദശലക്ഷമായി ഉയര്‍ന്നു.
ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ബാങ്കിംഗ് മേഖല ഏപ്രിലില്‍ 211,000 പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തു. മുന്‍മാസത്തെ അപേക്ഷിച്ച് 47 ശതമാനം ഇടിവാണിത്. മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുള്ളത്.
മൊത്തം ക്രെഡിറ്റ് കാര്‍ഡ് അടിത്തറ 8.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 62.3 ദശലക്ഷമായി ഉയര്‍ന്നു. മാര്‍ച്ചിലെ 7.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രകടമായിരുന്നത്. അതേസമയം, ക്രെഡിറ്റ് കാര്‍ഡ് ചെലവിടല്‍ ഏപ്രിലില്‍ മുന്‍മാസത്തെ അപേക്ഷിച്ച് 18 ശതമാനം ഇടിഞ്ഞ് 59,400 കോടി രൂപയായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കുറഞ്ഞ അടിത്തറ കാരണം വാര്‍ഷികാടിസ്ഥാനത്തില്‍ 183 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐസിഐസിഐ ബാങ്കാണ് ഏപ്രില്‍ മാസത്തില്‍ ഏറ്റവും താഴ്ന്ന ഇടിവ് രേഖപ്പെടുത്തിയത്, 12.5 ശതമാനം. മറ്റ് പ്രധാന ബാങ്കുകള്‍ 15-21 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തിയാണ് ക്രെഡിറ്റ് കാര്‍ഡ് വിതരണത്തെ ബാധിച്ചത്.
ഐസിഐസിഐ ബാങ്ക് ഏപ്രിലില്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണത്തില്‍ 18 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചപ്പോള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 15.2 ശതമാനം വളര്‍ച്ച നേടി ആര്‍ബിഎല്‍ ബാങ്ക് 14.4 ശതമാനവും എസ്ബിഐ കാര്‍ഡ് 13.6 ശതമാനവും വളര്‍ച്ച മുന്‍ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് സ്വന്തമാക്കി. സിറ്റി, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ വിദേശ സ്ഥാപനങ്ങള്‍ യഥാക്രമം 5.5 ശതമാനവും 9.6 ശതമാനവും ഇടിവ് രേഖപ്പെടുത്തിയതായി മോട്ടിലാല്‍ ഓസ്വാള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു കാര്‍ഡിലെ ശരാശരി പ്രതിമാസ ചെലവിടല്‍ 10,500 രൂപയായിരുന്നെങ്കില്‍ ഏപ്രിലില്‍ അത് 9,500 രൂപയായി കുറഞ്ഞു. ഒരു കാര്‍ഡിന്‍റെ ഇടപാടുകളുടെ എണ്ണം ശരാശരി 2.8 ആയിരുന്നത് 2.5 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, അമേരിക്കന്‍ എക്സ്പ്രസ്, സിറ്റി എന്നിവ 2,800-3,800 രൂപയുടെ ഉയര്‍ന്ന ഇടിവാണ് കാര്‍ഡുകളുടെ ശരാശരി ചെലവിടലില്‍ രേഖപ്പെടുത്തിയത്.
വര്‍ധിച്ചുവന്ന കോവിഡ് -19 കേസുകളും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും കാരണം ക്രെഡിറ്റ് കാര്‍ഡ് ആവശ്യകത മയപ്പെടുകയായിരുന്നു. ഇത് മെയ് മാസത്തിലെ കണക്കുകളില്‍ കൂടുതലായി പ്രതിഫലിക്കും. എന്നിരുന്നാലും, ഇ-കൊമേഴ്സ് ഇടപാടുകളുടെ വര്‍ദ്ധിച്ചുവരുന്ന വിഹിതവും മറ്റ് വിഭാഗങ്ങളില്‍ ക്രമേണ വീണ്ടെടുക്കലും ഇടത്തരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വേഗതയില്‍ ക്രെഡിറ്റ് കാര്‍ഡ് വിപണിയുടെ വളര്‍ച്ചയെ സഹായിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഹ്രസ്വകാലയളവില്‍ ഉപഭോക്താക്കള്‍ ജാഗ്രതാപൂര്‍ണമായ സമീപനം തുടരുന്നത് പെട്ടെന്നുള്ള വീണ്ടെടുപ്പിനെ ബാധിക്കും. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുകയും കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ കാര്യമായ പ്രത്യാഘാതം ഏല്‍പ്പിക്കാതെ കടന്നുപോകുകയും ചെയ്താല്‍ ഈ വര്‍ഷം അവസാനത്തോടു കൂടി ക്രെഡിറ്റ് കാര്‍ഡ് ആവശ്യകതയില്‍ ഉണര്‍വ് പ്രകടമാകുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.