ഡിജിറ്റല്‍ ബാങ്കുകളുടെ വരവ് ചിലവ് കുറയ്ക്കും, മത്സരാന്തരീക്ഷം സൃഷ്ടിക്കും: സൗദി കേന്ദ്രബാങ്ക്
റിയാദ്: സൗദി അറേബ്യയില്‍ ലൈസന്‍സിന് അംഗീകാരം നേടിയ ഡിജിറ്റല്‍ ബാങ്കുകള്‍ രാജ്യത്തെ ഉപയോക്താക്കളുടെ ബാങ്കിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് സൗദി അറേബ്യയിലെ കേന്ദ്രബാങ്കായ സമയുടെ ബാങ്കിംഗ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജനറല്‍ യസീദ് അല്‍ഷേഖ്. ബാങ്ക് ഇടപാടുകളുടെ ചിലവ് കുറയ്ക്കാനും കണ്ടുപിടിത്തങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഡിജിറ്റല്‍ ബാങ്കുകളുടെ വരവിലൂടെ സാധിക്കുമെന്നും തദ്ദേശീയ ബാങ്കുകള്‍ക്കും ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനികള്‍ക്കുമിടയില്‍ ഒരു മത്സരത്തിന് തുടക്കമിടാന്‍ ഡിജിറ്റല്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്നും അല്‍ ഇക്വിദ്‌സാദിയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബാങ്കുകളായ എസ്ടിസി ബാങ്കിനും സൗദി ഡിജിറ്റല്‍ ബാങ്കിനും ലൈസന്‍സ് നല്‍കാന്‍ സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം സമ്മതം മൂളിയിരുന്നു. ഇതിന് ആവശ്യമായ അനുമതികള്‍ നല്‍കാന്‍ സൗദി ധനമന്ത്രിയെയാണ് മന്ത്രിസഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2.5 ബില്യണ്‍ റിയാല്‍ മൂലധനവുമായി എസ്ടിസി പേ എസ്ടിസി ബാങ്കെന്ന പ്രാദേശിക ഡിജിറ്റല്‍ ബാങ്കായി മാറും. അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ സാദ് അല്‍ റാഷിദ് ആന്‍ഡ് സണ്‍സ് കമ്പനി ഉള്‍പ്പടെയുള്ള നിക്ഷേപകര്‍ ചേര്‍ന്ന് രണ്ടാമത്തെ ഡിജിറ്റല്‍ ബാങ്കായ സൗദി ഡിജിറ്റല്‍ ബാങ്കിന് രൂപം നല്‍കും. 1.5 ബില്യണ്‍ റിയാല്‍ ആയിരിക്കും ഈ ബാങ്കിന്റെ മൂലധനം.
ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനികളും ഡിജിറ്റല്‍ ബാങ്കുകളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അല്‍ഷേഖ് പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനികള്‍ പ്രത്യേക കാര്യത്തിനായി സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തുന്നവയായിരിക്കും. നിശ്ചിത വിഭാഗം ഗുണഭോക്താക്കള്‍ക്ക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയോ പ്രത്യേക ധനകാര്യ ഉല്‍പ്പന്നമോ സേവനമോ ആയിരിക്കും ഇവര്‍ നല്‍കുക. അതേസമയം ഡിജിറ്റല്‍ ബാങ്കുകള്‍ കൂടുതല്‍ വിപുലമായ ആശയമാണ്. നിക്ഷേപങ്ങള്‍ സ്വീകരിക്കുക, ധന ഇടപാടുകള്‍ നടത്തുക, ഡിജിറ്റല്‍ രീതികളിലൂടെ മറ്റ് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുക തുടങ്ങി ഏകീകൃത ബാങ്കിംഗ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന സമഗ്രമായ സംവിധാനമായിരിക്കും അത്. മാത്രമല്ല. പ്രത്യേക നിയന്ത്രണ, മേല്‍നോട്ട സംവിധാനങ്ങളും അതിന് ആവശ്യമാണെന്ന് അല്‍ ഷേഖ് പറഞ്ഞു.
പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ മൂലധനത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മറ്റ് ബാങ്കുകള്‍ക്കിടയില്‍ 12ഉം 13ഉം സ്ഥാനങ്ങളിലായിരിക്കും പുതിയ ഡിജിറ്റല്‍ ബാങ്കുകള്‍.