സെപ്റ്റംബറോടെ വിനോദ സഞ്ചാര കപ്പലുകളെ വരവേല്‍ക്കാന്‍ ഒരുങ്ങി അബുദാബി
വാക്‌സിന്‍ എടുത്ത യാത്രികര്‍ക്ക് മാത്രമേ എമിറേറ്റില്‍ പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളു
അബുദാബി: മാസങ്ങള്‍ നീണ്ട വിലക്കിന് ശേഷം സെപ്റ്റംബര്‍ മുതല്‍ അബുദാബിയിലേക്ക് ക്രൂസ് കപ്പലുകള്‍ (വിനോദ സഞ്ചാര കപ്പലുകള്‍) എത്തിത്തുടങ്ങും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ എമിറേറ്റില്‍ വിനോദ സഞ്ചാര കപ്പലുകള്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് അധികാരികള്‍ വ്യക്തമാക്കി. അതേസമയം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ എമിറേറ്റിലേക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളുവെന്നും കര്‍ശനമായ കോവിഡ് പ്രതിരോധ നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കുമെന്നും അബുദാബിയിലെ കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് വ്യക്തമാക്കി.
ഒരിക്കല്‍ കൂടി വിനോദ സഞ്ചാര കപ്പലുകളെ യുഎഇ തലസ്ഥാന നഗരിയിലേക്ക് സ്വീകരിക്കാന്‍ തങ്ങള്‍ പൂര്‍ണ്ണമായി ഒരുങ്ങിക്കഴിഞ്ഞെന്നും സായിദ് തുറമുഖത്തും സര്‍ ബാനി യാസ് ദ്വീപിലും ക്രൂസ് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതില്‍ സന്തോഷവും ആവേശവും ഉണ്ടെന്നും അബുദാബി പോര്‍ട്ട്‌സിലെ ക്രൂസ് ബിസിനസ് വിഭാഗം മാനേജിംഗ് ഡയറക്ടറായ നൂറ റാഷിദ് അല്‍ ദഹെരി പ്രതികരിച്ചു. ക്രൂസ് പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമവും മികച്ചതും സുരക്ഷിതവുമായ രീതിയില്‍ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിന് ക്രൂസ് മാനേജ്‌മെന്റ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും നൂറ അറിയിച്ചു. അന്താരാഷ്ട്ര യാത്രികര്‍ക്കായി അബുദാബിയില്‍ നിലവിലുള്ള ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച്, ടെര്‍മിനല്‍ അണുവിമുക്തമാക്കല്‍, പുറത്തറിങ്ങുന്നതിന് മുമ്പായി പിസിആര്‍ പരിശോധന, പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്ന പക്ഷം സ്വീകരിക്കേണ്ട സമഗ്ര അടിയന്തര കര്‍മ്മപദ്ധതി അടക്കം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരവധി ആരോഗ്യ, സുരക്ഷ നടപടിക്രമങ്ങള്‍ക്ക് അബുദാബി പോര്‍ട്‌സ് തുടക്കമിട്ടിട്ടുണ്ടെന്നും നൂറ അറിയിച്ചു.
അബുദാബി സന്ദര്‍ശിക്കുന്ന ക്രൂസ് യാത്രികര്‍ക്ക് എമിറേറ്റില്‍ അവര്‍ താമസിക്കുന്ന സമയമത്രയും ആരോഗ്യവും സുരക്ഷിതത്വും ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഉണ്ടായിരിക്കുമെന്ന് അബുദാബി പോര്‍ട്‌സ് ഉറപ്പ് നല്‍കി.
അബുദാബിയില്‍ മാരിടൈം ടൂറിസം പച്ചപിടിച്ച് വരികെയാണ് കൊറോണ വൈറസ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നത്. 2019ല്‍, ഏതാണ്ട് 500,000 ക്രൂസ് യാത്രികരാണ് അബുദാബി തുറമുഖങ്ങളില്‍ വന്നിറങ്ങിയത്. 2018നെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തില്‍ 46 ശതമാനം വര്‍ധനയാണ് ആ വര്‍ഷം രേഖപ്പെടുത്തിയത്.
വെല്ലുവിളി നിറഞ്ഞ ഒരു വര്‍ഷത്തിന് ശേഷം ക്രൂസ് കപ്പലുകളെ എമിറേറ്റിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഡിസിടി അബുദാബിയിലെ ടൂറിസം ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അലി അല്‍ ഷൈബയും പ്രതികരിച്ചു. മാരിടൈം ടൂറിസത്തിന്റെ കേന്ദ്രമെന്ന നിലയിലുള്ള അബുദാബിയുടെ സ്ഥാനം ദൃഢപ്പെടുത്താന്‍ തീരുമാനം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബി പോര്‍ട്ട്‌സിലെ പങ്കാളികളുമായി ചേര്‍ന്ന് മാരിടൈം ടൂറിസം മേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താനും സമാനതകളില്ലാത്ത സേവനങ്ങളും അനുഭവങ്ങളും ലഭ്യമാക്കി കൂടുതല്‍ ബിസിനസുകള്‍ ആകര്‍ഷിക്കാനും വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതുക്കെപ്പതുക്കെ വിനോദസഞ്ചാര മേഖല അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികളാണ് അബുദാബി സ്വീകരിക്കുന്നത്. എമിറേറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി വേണം കാണാന്‍. ആഗോള സഞ്ചാരികളുടെ എമിറേറ്റിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നിരവധി പദ്ധതികളും ഉദ്യമങ്ങള്‍ ഈ വര്‍ഷം മുഴുവന്‍ നടപ്പിലാക്കുമെന്ന് ഡിസിടി അബുദാബി വ്യക്തമാക്കി. 2.4 കിലോമീറ്റര്‍ നീളത്തിലുള്ള കനാല്‍ പദ്ധതിയായ അല്‍ ഖന, ലോകത്തിലെ ആദ്യത്തെ വാര്‍നര്‍ ബ്രോസ് ഹോട്ടല്‍, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയം, 22,600 കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്‌നോ പാര്‍ക്കായ സ്‌നോ അബുദാബി എന്നിങ്ങനെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്കതായ നിരവധി മെഗാ പദ്ധതികളാണ് അബുദാബിയില്‍ തയ്യാറെടുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇവയെല്ലാം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനാണ് എമിറേറ്റിന്റെ പദ്ധതി.