ജമ്മുകശ്മീര്‍: പ്രധാനമന്ത്രി അടുത്തയാഴ്ച സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കും
1 min readന്യൂഡെല്‍ഹി: ജമ്മുകശ്മീരിനെ സംബന്ധിച്ച് ഒരു സര്‍വകക്ഷി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24ന് വിളിച്ചുചേര്‍ക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുശേഷമുള്ള ആദ്യ നടപടിയാണിത്. . ജമ്മു കശ്മീരിലെ ജനാധിപത്യ പ്രക്രിയ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇക്കാരണത്താലാണ് ഡെല്‍ഹിയില്‍ ഭാവി കാര്യങ്ങളെക്കുറിച്ച് യോഗം ചേരുന്നത്.
ജമ്മു കശ്മീരിലെ പ്രാദേശിക പാര്‍ട്ടികളും അതിര്‍ത്തി നര്‍ണയ കമ്മീഷന്‍ നടപടികളില്‍ പങ്കെടുക്കാന്‍ സമ്മതിച്ചേക്കാം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ജമ്മു കശ്മീര്‍ നിയോജകമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ 2020 മാര്‍ച്ചില്‍ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. എന്നിരുന്നാലും, ജമ്മു കശ്മീരിലെ ഏറ്റവും പഴയ കക്ഷികളിലൊന്നായ നാഷണല്‍ കോണ്‍ഫറന്‍സ് യോഗത്തില്‍ ചേരാനിടയില്ല, കാരണം ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു.പൊതു പ്രതിനിധികളും യോഗത്തിന്‍റെ ഭാഗമാകാം. മേഖലയില്‍ സുതാര്യതയോടെ വികസനം കൊണ്ടുവരുന്നതിനായി ജമ്മു കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡെല്‍ഹിയില്‍ നടത്തിയ യോഗത്തെ തുടര്‍ന്നാണ് നടപടിയെന്ന് കരുതുന്നു. ഷായുടെ യോഗത്തില്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ജമ്മു കശ്മീരിലെ ജനങ്ങളുടെ സമഗ്ര വികസനവും ക്ഷേമവുമാണ് സര്‍ക്കാരിന്‍റെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് -19 വാക്സിനേഷന്‍ ഡ്രൈവ് കേന്ദ്രഭരണ പ്രദേശത്തെ ലക്ഷ്യത്തിന്‍റെ 76 ശതമാനവും നാല് ജില്ലകളില്‍ 100 ശതമാനവും എത്തിച്ചേര്‍ന്നതിന് സിന്‍ഹയെയും സംഘത്തെയും ഷാ അഭിനന്ദിച്ചു.മേഖലയിലെ കര്‍ഷകര്‍ക്ക് കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. 2018 ജൂണില്‍ ഭാരതീയ ജനതാ പാര്‍ട്ടി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് അധികാരം നഷ്ടപ്പെട്ടതുമുതല്‍ ജമ്മു കശ്മീരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ല.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കിയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനിടെ അറസ്റ്റിലായ നൂറുകണക്കിന് ആളുകളില്‍ മുഫ്തിയും മറ്റ് രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഉള്‍പ്പെടുന്നു. ഈ നീക്കത്തിനെതിരായ പ്രതിഷേധം തടയാന്‍ ഇന്‍റര്‍നെറ്റ് നിരോധനവും ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിരുന്നു. അതിനുശേഷം എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്തു. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മേഖലയില്‍ ഡിസ്ട്രിക്റ്റ് ഡവലപ്മെന്‍റ് കൗണ്‍സില്‍ വോട്ടെടുപ്പ് നടന്നത്. എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ പങ്കെടുത്തു. പാര്‍ട്ടികള്‍ കേന്ദ്രവുമായി ഇടപഴകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്രം ക്ഷണം അയച്ചതായ റിപ്പോര്‍ട്ടുകള്‍ക്കിടെ, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തനിക്ക് ക്ഷണം ലഭിച്ചതായി സ്ഥിരീകരിച്ചു. ‘ജൂണ്‍ 24 ന് ഡെല്‍ഹിയില്‍ നിന്ന് ഒരു യോഗത്തിന് ക്ഷണിച്ച് എനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു’. മെഹബൂബ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മെഹബൂബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍സി രക്ഷാധികാരി ഡോ. ഫാറൂഖ് അബ്ദുല്ല തനിക്ക് ഇതുവരെ ക്ഷണം ലഭിച്ചില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് അത്തരം ക്ഷണം ലഭിച്ചുകഴിഞ്ഞാല്‍, ക്ഷണം സംബന്ധിച്ച് സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കാന്‍ പാര്‍ട്ടി യോഗം ചേരും”, ഡോ. അബ്ദുല്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ജൂണ്‍ 24 ലെ യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പീപ്പിള്‍സ് കോണ്‍ഫറന്‍സ് മേധാവി സജാദ് ലോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
സി.പി.ഐ-എം നേതാവ് എം.വൈ. തരിഗാമി കൂടിക്കാഴ്ച സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് വ്യക്തമാക്കി. ജമ്മു കശ്മീരിലെ എല്ലാ മുഖ്യധാരാ നേതാക്കളെയും നിര്‍ദ്ദിഷ്ട യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുമെന്ന് ഡെല്‍ഹി വൃത്തങ്ങള്‍ തന്നോട് സ്ഥിരീകരിച്ചതായി തരിഗാമി പറഞ്ഞു. ജമ്മു കശ്മീരിന്‍റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ന്യൂഡെല്‍ഹിയിലാണെന്ന് ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി മേധാവി സയ്യിദ് അല്‍താഫ് ബുഖാരി പറഞ്ഞു. ഡെല്‍ഹിയുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ഞങ്ങള്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”ജമ്മു കശ്മീരിന്‍റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ന്യൂ ഡെല്‍ഹിയിലാണ്, ഇസ്ലാമാബാദിലോ ന്യൂയോര്‍ക്കിലോ ലണ്ടനിലോ അല്ല. ജമ്മുകാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളിലേക്കുള്ള ഡെല്‍ഹിയുടെ ക്ഷണം സ്വാഗതാര്‍ഹമാണ്’, ബുഖാരി പറഞ്ഞു.