ശിവസേനയുടെ സംഭാവനകളിലൂടെയുള്ള വരുമാനത്തില്‍ വന്‍ ഇടിവ്
1 min readമുംബൈ: 1999 ന് ശേഷം ആദ്യമായി മഹാരാഷ്ട്രയില്‍ സ്വന്തം മുഖ്യമന്ത്രിയെ നിയമിച്ചിട്ടും, സംഭാവനകളിലൂടെയുള്ള ശിവസേനയുടെ വരുമാനം ഇടിഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2019-20 ല്‍ വരുമാനം 20 ശതമാനം കുറവാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ മാസം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് വ്യക്തിഗത, കോര്‍പ്പറേറ്റ് സംഭാവനകളിലൂടെ ശിവസേനയ്ക്ക് 105.64 കോടി രൂപ ലഭിച്ചു. ഇതില്‍ 36.12 കോടി രൂപ കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള സംഭാവനകളിലൂടെയും 40.98 കോടി രൂപ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെയും 16.83 കോടി രൂപ വ്യക്തിഗത ദാതാക്കളിലൂടെയും 11.70 കോടി രൂപ സ്ഥാപനങ്ങളില്‍ നിന്നും ക്ഷേമ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ബിജെപിയോടൊപ്പം ഭരണം പങ്കിട്ട 2018-19 ല്‍ ശിവസേനക്ക് ലഭിച്ച സംഭാവന 130.96 കോടി രൂപയുടേതാണ്. ഇതില്‍ നിന്ന് ഏറ്റവും വലിയ വിഹിതമായ 60.40 കോടി രൂപ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ലഭിച്ചു. വ്യക്തിഗത ദാതാക്കളില്‍ നിന്ന് 23.39 കോടി രൂപയും സ്ഥാപനങ്ങളില്‍ നിന്നും ക്ഷേമ സ്ഥാപനങ്ങളില്‍ നിന്നും 25.44 കോടി രൂപയും 17.72 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവനകളുമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ സാധാരണയായി ഉയര്‍ന്ന 2019-20 തെരഞ്ഞെടുപ്പ് വര്‍ഷമായിരുന്നിട്ടും ഈ സംഭാവന കുറയുകയായിരുന്നു.
‘പാര്‍ട്ടി അധികാരത്തിലിരുന്നതുകൊണ്ട് മാത്രം സംഭാവനയില്‍ വര്‍ധന പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സംഭാവന ലഭിക്കുന്നതിനുള്ള അധികാരം ദുരുപയോഗം ചെയ്യാന്‍ സേന ഒരിക്കലും ശ്രമിച്ചിട്ടില്ല. ശിവസേന അധികാരത്തിലുണ്ട്. മുഖ്യമന്ത്രി ശിവസേനയില്‍നിന്നാണ്. അതുകൊണ്ടുമാത്രം ആളുകള്‍ പണം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ഓരോ പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫണ്ട് ആവശ്യമാണ്, അതിനാല്‍ ആരെങ്കിലും മനഃപൂര്‍വ്വം ഔദ്യോഗികമായി ഞങ്ങള്‍ക്ക് സംഭാവന നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ അത് സ്വീകരിക്കുന്നു’ റാവത്ത് പറയുന്നു.
അതേസമയം, 2019-20 ല്‍ ബിജെപിക്ക് 785.77 കോടി രൂപ സംഭാവനയായി ലഭിച്ചു, ഇത് 2018-19 ലെ 741.98 കോടി രൂപയേക്കാള്‍ കൂടുതലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പാര്‍ട്ടിയുടെ സംഭാവന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യമുള്ളത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവനയുടെ കണക്കുകള്‍ നല്‍കിയ ശേഷം മുന്‍ സഖ്യകക്ഷിയായ ശിവസേന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടു. അവരുടേത് വെറും ഔദ്യോഗിക കണക്കുകള്‍ മാത്രമാണെന്നും പാര്‍ട്ടിക്ക് ‘മേശയ്ക്കടിയില്‍’ ലഭിച്ച സംഭാവനകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.യഥാര്‍ത്ഥ കണക്ക് ഇതില്‍നിന്നും വളരെ ഉയര്‍ന്നതാണെന്നും ബിജെപി വ്യക്തമാക്കി.
അതേസമയം “മഹാരാഷ്ട്രയിലെ ശിവസേന സമ്പന്നരുടെ പട്ടികയിലില്ല, വലിയ സംഭാവനകളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ 50 വര്‍ഷമായി ജനങ്ങളുടെ പിന്തുണയുടെ സമ്പത്തിലാണ് പാര്‍ട്ടി പോരാടുകയാണ്’,പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലില്‍ പറയുന്നു. “ചോദ്യം വിശ്വാസത്തെക്കുറിച്ചാണ്. ഒരു പാര്‍ട്ടിക്ക് സംഭാവന നല്‍കാന്‍ തീരുമാനിക്കുന്നവര്‍ ആദ്യം അതിന്‍റെ വിശ്വാസ്യത നോക്കുന്നു. 2019-20 ലെ ശിവസേന അതിന്‍റെ അഫിലിയേഷനുകളും പ്രത്യയശാസ്ത്രപരമായ വിന്യാസങ്ങളും മാറ്റിയ രീതി അവരുടെ വിശ്വാസ്യതയെ തകര്‍ത്തിരിക്കണം”ബിജെപി നേതാക്കള്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം, 2019 നവംബറില്‍ ശിവസേന ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറി. 244 ല്‍ 105 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന മുഖ്യമന്ത്രി പദത്തിനായി വേറിട്ട കൂട്ടുകെട്ടുകള്‍ രൂപീകരിച്ചു. പ്രത്യയശാസ്ത്രപരമായ എതിരാളികളായ കോണ്‍ഗ്രസും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) ചേര്‍ന്ന് മഹാ വികാസ് അഗാദി (എംവിഎ) രൂപീകരിക്കുകയും പാര്‍ട്ടി പ്രസിഡന്‍റ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
ഇപ്പോള്‍ മാക്രോടെക് ഡവലപ്പേഴ്സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ലോധ ഡെവലപ്പേഴ്സ് രണ്ട് ചെക്കുകളിലായി 2019-20 ല്‍ ശിവസേനയ്ക്ക് 5 കോടി രൂപ സംഭാവന ചെയ്തു. പാര്‍ട്ടിയുടെ മുംബൈ യൂണിറ്റ് പ്രസിഡന്‍റ് കൂടിയായ ബിജെപി എംഎല്‍എ മംഗല്‍ പ്രഭാത് ലോധയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ബിജെപി നിയമസഭാംഗത്തിന്‍റെ മകന്‍ അഭിഷേക് ലോധയാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. ഇതിനുമുമ്പ് 2014-15 ലാണ് ലോധ അവസാനമായി ശിവസേനയ്ക്ക് സംഭാവന നല്‍കിയത്. എംവിഎയുടെ ഭാഗമായി ശിവസേനയുമായി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ 2019-20 ല്‍ ലോധ ഗ്രൂപ്പ് എന്‍സിപിക്ക് 5 കോടി രൂപ സംഭാവനയും നല്‍കിയിരുന്നു.