Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2030ഓടെ മൊത്തം പ്രസവങ്ങളില്‍ മൂന്നിലൊന്നും സിസേറിയന്‍ ആകുമെന്ന് ലോകോരോഗ്യ സംഘടന

1 min read

ജനീവ: ലോകത്ത് സിസേറിയന്‍ പ്രസവങ്ങള്‍ വര്‍ധിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 2030ഓടെ ആഗോളതലത്തില്‍ മൊത്തം പ്രസവങ്ങളുടെ 29 ശതമാനവും സിസേറിയന്‍ ആയിരിക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. വൈദ്യശാസ്ത്രപരമായി അത്യാവശ്യമല്ലാത്ത, അതേസമയം അപകടകരമായേക്കാവുന്ന സിസേറിയന്‍ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് നടപടികള്‍ ഉണ്ടാകണമെന്ന നിര്‍ദ്ദേശമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്.

1990കളില്‍ ലോകത്താകമാനം 7 ശതമാനമായിരുന്ന സിസേറിയന്‍ നിരക്ക് ഇന്ന് 21 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. അതേസമയം നിരവധി രാജ്യങ്ങളില്‍ ഇന്നും സിസേറിയനുള്ള സൗകര്യങ്ങളില്ല, പ്രത്യേകിച്ച് അവികസിത രാജ്യങ്ങളില്‍. ഇവിടങ്ങളില്‍ കേവലം 8 ശതമാനം പേരാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത് കേവലം 5 ശതമാനമാണ്.

  ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട്

വളരെ അത്യാവശ്യവും ജീവന്‍ തന്നെ രക്ഷിക്കുന്നതുമായ ശസ്ത്രക്രിയയാണ് സിസേറിയന്‍ എങ്കിലും അനാവശ്യമായ സിസേറിയന്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ തന്നെ അപകടത്തിലാക്കുകയും ഹ്രസ്വവും ദീര്‍ഘവുമായ അനവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. സുഖപ്രസവം സാധിക്കാതെ വരുന്ന ഘട്ടങ്ങളില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ സംരക്ഷിക്കുന്നതിന് സിസേറിയന്‍ പ്രസവം വളരെ നിര്‍ണ്ണായകമാണ്. അതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള അവസരം എല്ലാ സ്ത്രീകള്‍ക്കും ലഭ്യമാകണമെന്ന് ലോകാരോഗ്യ സംഘടനയിലെ ലൈംഗിക, പ്രത്യുല്‍പ്പാദന ആരോഗ്യ ഗവേഷണ വിഭാഗം ഡയറക്ടറായ ഡേ. ഇയാന്‍ ആസ്‌ക്യൂ പറഞ്ഞു. എന്നാല്‍ എല്ലാ സിസേറിയനുകളും വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടല്ല നടത്തപ്പെടുന്നത്. അനാവശ്യമായ ശസ്ത്രക്രിയകള്‍ അമ്മയ്ക്കും കുഞ്ഞിനും ആപത്താണെന്ന് ആസ്‌ക്യൂ കൂട്ടിച്ചേര്‍ത്തു.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

2030ഓടെ ഏറ്റവും കൂടുതല്‍ സിസേറിയനുകള്‍ നടക്കുന്ന മേഖല കിഴക്കന്‍ ഏഷ്യയായിരിക്കും (63 ശതമാനം).  ലാറ്റിനമേരിക്ക, കരീബിയന്‍ മേഖല(54 ശതമാനം), പടിഞ്ഞാറന്‍ ഏഷ്യ (50 ശതമാനം), വടക്കന്‍ ആഫ്രിക്ക (48 ശതമാനം), തെക്കന്‍ യൂറോപ്പ് (47 ശതമാനം), ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് (45 ശതമാനം) എന്നിവിടങ്ങളിലും സിസേറിയന്‍ നിരക്ക് വര്‍ധിക്കും. 1999നും 2018നും ഇടയില്‍ ലോകത്തിലെ 154ഓളം രാജ്യങ്ങളിലെ ദേശീയതലത്തിലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

സിസേറിയന്‍ മൂലം അതിയായ രക്തസ്രാവം, അണുബാധ, കുഞ്ഞ് ജനിച്ചതിന് ശേഷം ആരോഗ്യം വീണ്ടെടുക്കാനുള്ള കാലതാമസം, മുലയൂട്ടല്‍ ആരംഭിക്കുന്നതിലും കുഞ്ഞിനെ തൊട്ട് പരിചരിക്കുന്നതിലുമുള്ള കാലതാമസം, ഭാവി ഗര്‍ഭധാരണങ്ങളിലെ സങ്കീര്‍ണ്ണത എന്നിവ ഉണ്ടായേക്കാം. ഗര്‍ഭധാരണത്തിലും പ്രസവത്തിലും ഓരോ സ്ത്രീയുടെയും പ്രത്യേകമായ ആവശ്യങ്ങള്‍ കണക്കിലെടുത്ത് വേണം പ്രസവത്തില്‍ തീരുമാനങ്ങള്‍ എടുക്കാനെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. പ്രസവം സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം ആരോഗ്യപ്രവര്‍ത്തകരുമായി പങ്കുവെക്കാനും തീരുമാനങ്ങള്‍ എടുക്കാനും സ്ത്രീകള്‍ക്ക് അവസരമുണ്ടാകണം. സിസേറിയന്റെയും സുഖപ്രസവത്തിന്റെയും ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച മതിയായ വിവരങ്ങള്‍ അവര്‍ക്ക് ലഭ്യമാകണം. ഗര്‍ഭകാലത്തും പ്രസവസമയത്തും സ്ത്രീകള്‍ക്ക് വൈകാരികമായ പിന്തുണ ഉറപ്പാക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ലോകാരോഗ്യ സംഘടനയിലെ മെഡിക്കല്‍ ഓഫീസറായ ഡേ.അന പിലര്‍ ബെട്രന്‍ അഭിപ്രായപ്പെട്ടു.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍
Maintained By : Studio3