അരുണാചലില്‍ ചൈനീസ് ഗ്രാമമെന്ന് റിപ്പോര്‍ട്ട്
1 min readഅരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സാരി ചു നദിക്കരയില്‍ വീടുകള്‍ നിര്‍മിച്ചതായി യുഎസ് ആസ്ഥാനമായുള്ള ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്‌സ് ആണ് കണ്ടെത്തിയത്
ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന ഒരു ഗ്രാമം പണിതുവെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങളായി ലഡാക്കില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഗുരുതരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. അതേസമയം എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയുടെ പരമാധികാരവും പ്രദേശികമായ സമഗ്രതയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെ പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സാരി ചു നദിക്കരയില്‍ നൂറിലധികം വീടുകള്‍ നിര്‍മിച്ചതായി യുഎസ് ആസ്ഥാനമായുള്ള ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്‌സ് ആണ് ആദ്യം അവകാശപ്പെട്ടത്. 2019 ഈ പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഈ റിപ്പോര്‍ട്ട് ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ പ്രക്ഷേപണം ചെയ്തതോടെയാണ് വിവാദമായി. ഗ്രാമത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്ത പുറത്തുവന്നത്. 101 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രാമം ഏകദേശം 4.5 കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ചു കടന്നാണ് നിര്‍മിച്ചിരിക്കുന്നതെന്ന്് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും പുറത്തുവന്നത്.
അരുണാചല്‍പ്രദേശിലെ ബിജെപി എംപിയായ തപിര്‍ ഗാവോ ചൈനയുടെ നിര്‍മാണപ്രവര്‍ത്തികള്‍ അതിര്‍ത്തി ഗ്രാമത്തില്‍ നടക്കുന്നതായി അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പര്‍ സുബാന്‍സിരി ജില്ലയ്ക്കുള്ളില്‍ 60-70 കിലോമീറ്റര്‍ ദൂരത്തില്‍ ചൈന ഉള്ളിലേക്ക് കടന്നിട്ടുണ്ട്. ലെന്‍സി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന നദിക്കരയില്‍ അവര്‍ റോഡുനിര്‍മിച്ചതായും ബിജെപി എംപി പറയുന്നു. ഈ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിന് കനത്ത ആഘാതമായി. ഗാവോയുടെ അവകാശവാദത്തെത്തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പി ചിദംബരം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതില്‍ വ്യക്തത തേടിയിട്ടുണ്ട്. ബിജെപി എംപിയുടെ ആരോപണം വാസ്തവമാണെങ്കില്‍ സര്‍ക്കാര്‍ ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുമോ അതോ മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുമോ എന്നും ചോദിച്ച ചിദംബരം അരുണാചല്‍ പ്രദേശിലെ സ്ഥിതിഗതികളില്‍ ചൈനക്കാര്‍ മാറ്റം വരുത്തിയെന്നും പറഞ്ഞു.
ഈ വാദങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ തര്‍ക്കപ്രദേശങ്ങള്‍ ചൈനീസ് പൗരന്മാരുടെ സ്ഥിരമായ ഒരു വാസസ്ഥലമാക്കി മാറ്റാനാണ് ബെയ്ജിംഗ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ വീടുകള്‍ നിര്‍മിച്ചു എന്ന് പറയപ്പെടുന്ന പ്രദേശം തര്‍ക്കഭൂമിയാണെന്നാണ് വിലയിരുത്തല്‍. അവിടെ ഒരു വര്‍ഷം മുന്‍പുവരെ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരും നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥാതി വ്യത്യസ്തമാകുകയാണ്. അരുണാചല്‍ പ്രദേശിനെ തങ്ങളുടെ സ്വന്തം സ്ഥലമായി കാണുന്ന ചൈന അതിക്രമത്തിന് തയ്യാറെടുക്കുയാണോ എന്ന് സംശയിക്കപ്പെടുന്നു. ഈ സംസ്ഥാനത്തെ ദക്ഷിണ ടിബറ്റായാണ് ബെയ്ജിംഗ് കാണുന്നത്. ചൈന ഈ വാദം ഉയര്‍ത്തിയപ്പോഴെല്ലാം ഇന്ത്യ അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്താന്‍ ആരെയും അനുവദിതക്കില്ലെന്നും രാജ്യം മുന്നറിയിപ്പുനല്‍കിയിരുന്നതുമാണ്. ഇതെല്ലാം ചൈന അവഗണിച്ചാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് സംശയിക്കപ്പെടുന്നു. നാലുചുറ്റും അതിര്‍ത്തി തര്‍ക്കങ്ങള്‍ സജീവമായി നിലനിര്‍ത്തി എതിരാളികളെ തളര്‍ത്തുക എന്നതും പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അജണ്ടകളുടെ ഭാഗമാണ്.
അതേസമയം കിഴക്കന്‍ ലഡാക്കില്‍ എട്ട് മാസത്തിലേറെയായി ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ സംഘര്‍ഷത്തിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ അതിര്‍ത്തി പ്രശ്‌നത്തില്‍ തീരെ വഷളായി. കിഴക്കന്‍ ലഡാക്ക് നിലപാട് കണക്കിലെടുത്ത് അരുണാചല്‍ സെക്ടര്‍ ഉള്‍പ്പെടെ ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണരേഖയുടെ മുഴുവന്‍ ഭാഗത്തും സൈന്യവും ഇന്ത്യന്‍ വ്യോമസേനയും കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഈ മാസം ആദ്യം, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് അരുണാചല്‍ പ്രദേശിലെ എല്‍എസിക്ക് സമീപമുള്ള വിവിധ മുന്‍നിര പോസ്റ്റുകള്‍ സന്ദര്‍ശിക്കുകയും ഇന്ത്യയുടെ പ്രവര്‍ത്തന തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും ചെയ്തിരുന്നു. കിഴക്കന്‍ ലഡാക്ക് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും നിരവധി തവണ സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ തര്‍ക്കപരിഹാരത്തിന് കാര്യമായ ഒരു നിര്‍ദേശവും ഇതുവരെ ഉണ്ടായിട്ടില്ല.